2012-12-11 19:32:06

പകരംവയ്ക്കാനാവാത്ത പങ്കാണ്
അമേരിക്കയിലെ സഭയില്‍നിന്നും പ്രതീക്ഷിക്കുന്നതെന്ന് പാപ്പ


10 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
‘അമേരിക്കയിലെ സഭ’ Ecclesia in America എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ
15-ാം വാര്‍ഷികം പ്രമാണിച്ച്, വത്തിക്കാനില്‍ ചേര്‍ന്നിരിക്കുന്ന സമ്മേളനത്തിന് നവംമ്പര്‍
9-ാം തിയതി ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നല്കിയ സന്ദേശത്തിലാണ്
പാപ്പ ഇങ്ങനെ ഉദ്ബോധിച്ചത്.

തന്‍റെ മുന്‍ഗാമി വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നല്കിയ അപ്പസ്തോലിക പ്രബോധനമാണ് Ecclesia in America, ‘അമേരിക്കയിലെ സഭ’യെന്ന് പാപ്പ അനുസ്മരിച്ചു.

ഇന്ന് പൊന്തിവരുന്ന മതനിരപേക്ഷതയും, വിഘടിച്ചു നില്ക്കുന്ന ക്രൈസ്തവ സഭകളുടെ വര്‍ദ്ധിച്ച എണ്ണവും കണക്കിലെടുക്കുമ്പോള്‍, പതിനഞ്ചു വര്‍ഷം മുന്‍പുള്ള ഈ പ്രബോധനത്തിലൂടെ സഭ ചൂണ്ടിക്കാണിച്ച അമേരിക്കയുടെ സാമൂഹ്യ വെല്ലുവിളികള്‍ ഇന്നും പ്രസക്തമാണെന്നും പാപ്പ സമര്‍ത്ഥിച്ചു.

ഗര്‍ഭച്ഛിദ്രത്തിന്‍റെ നിയമവത്ക്കരണവും അതിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക പ്രോത്സാഹനവും കണക്കിലെടുക്കുമ്പോള്‍ ജീവന്‍റെ സംസ്ക്കാരം വളര്‍ത്തേണ്ടത് ഇനിയും അമേരിക്കയുടെ അടിയന്തിര ആവശ്യമാണെന്നും പാപ്പാ ഉദ്ബോദിപ്പിച്ചു.

അമേരിക്കാ ഭൂഖണ്ഡത്തിലേയ്ക്കുള്ള വന്‍ കുടിയേറ്റ പ്രതിഭാസവും, അവരില്‍ ചിലരുടെ പിഴുതെറിയപ്പെടലും, സംഘടിതമായ അധിക്രമങ്ങളും, മയക്കുമരുന്ന കച്ചവടം അഴിമതി ആയുധവിപണനം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സാമൂഹ്യ തിന്മകളുടെയും അമേരിക്കയിലെ അവസ്ഥ ആശങ്കാജനകമാണെന്നും പാപ്പ ഉത്ഘാടന ദിവ്യബലിയുടെ അന്ത്യത്തില്‍ നല്കിയ പ്രഭാഷണത്തിലൂടെ ഉദ്ബോധിപ്പിച്ചു. സാമൂഹ്യ അസമത്വവും ദാരിദ്ര്യവും വളര്‍ത്തുന്ന അമേരിക്കയുടെ വിവാദപരമായ സാമ്പത്തിക രാഷ്ട്രീയ സാമൂഹ്യ നയങ്ങള്‍ മനഃസാക്ഷിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതും അതിവേഗം തിരുത്തേണ്ടവയും ആണെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.