2012-12-10 19:57:11

ക്രൈസ്തവ വീക്ഷണത്തില്‍
ദാരിദ്ര്യത്തിന് വ്യാപകമായ അര്‍ത്ഥം


10 ഡിസംമ്പര്‍ 2012,
ദാരിദ്ര്യത്തെക്കുറിച്ചുള്ള ക്രൈസ്തവ ദര്‍ശനത്തിന് വ്യാപകമായ അര്‍ത്ഥമുണ്ടെന്ന് നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ പ്രസ്താവിച്ചു.

European Broadcasters’ Union സംഘടിപ്പിച്ച ദാരിദ്ര്യം എന്തുകൊണ്ട് എന്ന ചോദ്യോത്തര പരിപാടിയോട് പ്രത്യുത്തരിച്ചുകൊണ്ട് നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ ഇങ്ങനെ പ്രസ്താവിച്ചത്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം പാര്‍പ്പിടം വസ്ത്രം, എന്നിവയ്ക്കു പുറമേ വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലം, ജീവിത ചുറ്റുപാടുകള്‍, ലിംഗസമത്വം എന്നിവയുടെ നിഷേധം മൂലവും വലിയൊരു ശതമാനം ജനങ്ങള്‍ അനുഭവിക്കുന്ന തരംതാണ അവസ്ഥയും ദാരിദ്ര്യമാണെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.

ആഗോള വികസനത്തിന് വിഘാതമായി നില്ക്കുന്നത് ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരോടുള്ള സമ്പന്നരായ ന്യൂനപക്ഷത്തിന്‍റെ നിസംഗഭാവമാണെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ഭൂരിപക്ഷമാകുന്ന ദരിദ്രരുടെ ശാക്തീകരണവും, സംവേദന സൗകര്യങ്ങളും അവരുടെ മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള സമഗ്ര വീക്ഷണവുമാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് അനിവാര്യമായിരിക്കുന്ന അടിസ്ഥാന ഘടകമെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ദാര്‍ഷ്ട്യത്തോടെ ദരിദ്രരെ വീക്ഷിക്കുകയും, അവര്‍ക്കുവേണ്ടി എന്തെങ്കിലും താഴേയ്ക്ക് എറിഞ്ഞിട്ടു കൊടുക്കുകയും ചെയ്യുന്ന മനോഭാവം തെറ്റാണെന്നും, സാഹോദര്യത്തിലും സ്നേഹത്തിലും അവരെ വീക്ഷിക്കുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്ന നീതിയുടെ ദര്‍ശനമാണ് Rerum Novarum പോലുള്ള സമൂഹ്യപ്രബോധനത്തിലൂടെ സഭ പഠിപ്പിക്കുന്നതെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.