2012-12-08 11:47:27

പാത്രിയര്‍ക്കിസ് ഇഗ്നേഷ്യസ് ഹാസിം നാലാമന്‍റെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു


07 ഡിസംബര്‍ 2012, വത്തിക്കാന്‍
ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൃനും അന്ത്യോക്യായിലെ പാത്രിയര്‍ക്കിസുമായ ഇഗ്നേഷ്യസ് ഹാസിം നാലാമന്‍റെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. ഹെലിയോപോളിസിലെ മെത്രോപ്പോലീത്താ സ്പ്രിഡോണിനയച്ച അനുശോചന സന്ദേശത്തില്‍ പാത്രിയാര്‍ക്കീസ് സഭയ്ക്കും സമൂഹത്തിനും വേണ്ടി ചെയ്ത നിരവധിയായ സേവനങ്ങള്‍ പാപ്പ അനുസ്മരിച്ചു. താന്‍ നയിക്കുന്ന ക്രൈസ്തവ സമൂഹത്തിന്‍റെ ആത്മീയ വളര്‍ച്ചയ്ക്കായി നിരന്തരം പ്രയത്നിച്ച അദ്ദേഹം ജനവിഭാഗങ്ങള്‍ക്കിടയില്‍ സമാധാനവും അനുരജ്ഞനവും വളര്‍ത്താനും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു. സഭൈക്യ സംരംഭങ്ങള്‍ക്കും അദേഹം തനതായ സംഭാവനകള്‍ നല്‍കി. പാത്രിയര്‍ക്കിസ് ഇഗ്നേഷ്യസ് ഹാസിം നാലാമന്‍റെ വേര്‍പാടില്‍ വേദനിക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ പാപ്പ അവര്‍ക്കു തന്‍റെ പ്രാര്‍ത്ഥനയും ഉറപ്പുനല്‍കി.

ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൃനും അന്ത്യോക്യായിലെ പാത്രിയര്‍ക്കിസുമായ ഇഗ്നേഷ്യസ് ഹാസിം നാലാമന്‍ (91) ഡിസംബര്‍ 5-ാം തിയതി ബുധനാഴ്ചയാണ് കാലംചെയ്തത്. മൂന്നു പതിറ്റാണ്ടിലേറെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയെ നയിച്ച പാത്രിയാര്‍ക്കിസ് ഹാസിം സിറിയായിലെ ആഭ്യന്തരകലാപം അവസാനിപ്പിക്കാന്‍ ക്രൈസ്തവ- മുസ്ലിം സഹോദരങ്ങളോട് നിരന്തരമായി ആഹ്വാനംചെയ്തിരുന്നു.








All the contents on this site are copyrighted ©.