2012-12-05 16:39:42

നന്മയുടെ വക്താക്കള്‍ താരങ്ങളെന്ന്
കര്‍ദ്ദിനാള്‍ ബര്‍ത്തോണെ


5 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
നന്മയുടെ വക്താക്കളാണ് സമൂഹത്തിലെ യഥാര്‍ത്ഥ താരങ്ങളെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പ്രസ്താവിച്ചു. Sisters of the Divine Mercy സന്ന്യാസിനീ സമൂഹത്തിന്‍റെ മേല്‍നോട്ടത്തിലുള്ള സമുദ്രതാരം Stella Maris എന്ന പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചുകൊണ്ട് റോമില്‍ ഡിസംബര്‍ 3-ാം തിയതി നടത്തിയ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്.

കാലത്തിന്‍റെ കരിനിഴല്‍ ഇല്ലാതാക്കിയ വിശ്വപ്രകാശമാണ് ക്രിസ്തുവെന്നും നല്ല വിദ്യാഭ്യസത്തിലൂടെ മനുഷ്യന്‍ പ്രത്യാശയുടെ വെളിച്ചമായ്ത്തീരുമെന്നും, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു.
നന്മയുടെയും സത്യത്തിന്‍റെയും വെളിച്ചവും വൈദഗ്ദ്ധ്യവും നല്കുന്ന ദൈവിക സ്രോതസ്സാണ് വിദ്യാഭ്യാസമെന്നും, വ്യക്തി സമര്‍പ്പണവും കഠിനാദ്ധ്വാനവുംകൊണ്ട് അത് നേടിയെടുക്കണമെന്നും അദ്ധ്യപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും മറ്റു സാമൂഹ്യ പ്രമുഖരും അടങ്ങിയ സമ്മേളനത്തെ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു.

ദൈവഹിതത്തിന് സമ്പൂര്‍ണ്ണ സമ്മതം നല്കിയ മറിയം ജീവിതസാഗര തീരങ്ങളില്‍ തെളിയുന്ന ഉഷഃകാല താരമാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ കൂട്ടിച്ചേര്‍ത്തു.









All the contents on this site are copyrighted ©.