2012-12-05 16:49:52

അവകാശങ്ങള്‍ക്കു മുന്നില്‍ ജാതി വിവേചനം
അനീതിയെന്ന് പാത്രിയര്‍ക്കിസ് ബേഷാരെ റായ്


5 ഡിസംമ്പര്‍ 2012, ലെബനോണ്‍
അടിസ്ഥാന അവകാശങ്ങള്‍ക്കു മുന്നില്‍ ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ മനുഷ്യന്‍ വിവേചിക്കപ്പെടരുതെന്ന്, മദ്ധ്യപൂര്‍വ്വ ദേശത്തെ മാരോനൈറ്റ് പാത്രിയര്‍ക്കിസ് കര്‍ദ്ദിനാള്‍ ബേഷാരെ റായ് പ്രസ്താവിച്ചു.

ഡിസംമ്പര്‍ 4-ാം തിയതി ലെബനോനില്‍ ആരംഭിച്ച മദ്ധ്യപൂര്‍വ്വദേശത്തെ മെത്രാന്മാരുടെ സമ്മേളനത്തിന് ആമുഖമായി നല്കിയ വാര്‍ത്താ സമ്മേളനത്തിലാണ് പാത്രിയര്‍ക്കിസ് ബേഷാരെ റായ് ഇങ്ങനെ പ്രസ്താവിച്ചത്. മനുഷ്യന്‍റെ മൗലിക അവകാശമാണ് മതവിശ്വാസമെങ്കില്‍ ക്രൈസ്തവരായതുകൊണ്ട് പീഡിപ്പിക്കപ്പെടുന്ന അവസ്ഥ അനീതിയാണെന്നും, മദ്ധ്യപൂര്‍വ്വദേശത്ത് ഉണ്ടായിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളും ഇസ്ലാമിക കക്ഷികളുടെ നീക്കങ്ങളും ക്രൈസ്തവ സമൂഹത്തിന് ആശങ്കാജനകമാണെന്നും, ഈയിടെ ബനഡിക്ട് 16-ാമന്‍ പാപ്പായില്‍നിന്നും കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ച, പാത്രിയര്‍ക്കിസ് ബേഷാരെ പ്രസ്താവിച്ചു.

നിഷേധാത്മകമായ മതനിരപേക്ഷതയും അക്രമാസക്തമാകുന്ന മതമൗലികവാദവും മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ വിശ്വാസത്തെ മാത്രമല്ല, ഏതു മത വിശ്വാസത്തെയും തകര്‍ക്കുന്ന മനോഭാവമാണെന്നും പാത്രിയര്‍ക്കിസ് ബേഷാരെ വാര്‍ത്താ സമ്മേളനത്തില്‍ സമര്‍ത്ഥിച്ചു. ബിനഡിക്ട് 16-ാമന്‍ പാപ്പ തന്‍റെ ലെബനോണ്‍ സന്ദര്‍ശനവേളയില്‍ പ്രകാശനംചെയ്ത ‘മദ്ധ്യപൂര്‍വ്വ ദേശത്തെ സഭ’ Ecclesia Midorientale എന്ന അപ്പസ്തോലിക പ്രബോധനത്തെ ആധാരമാക്കിയുള്ള സഭാ ജീവിത നവീകരണ പദ്ധതിയാണ് ഈ സമ്മേളന ലക്ഷൃമെന്നും കര്‍ദ്ദിനാള്‍ ബേഷാരെ മാധ്യമങ്ങളെ അറിയിച്ചു.









All the contents on this site are copyrighted ©.