2012-12-04 15:57:57

വെളിപാടുകളും സ്വകാര്യ വെളിപാടുകളും


04 ഡിസംബര്‍ 2012, റോം
വിശ്വാസവര്‍ഷത്തില്‍ പുതിയ വെളിപാടുകള്‍ക്കായി കാത്തിരിക്കാതെ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിക്കാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര അധ്യാപകന്‍ ഫാ.ദാരിയൂസ് കൊവാള്‍സിക്ക്. വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കുന്ന മതബോധന പരമ്പരയിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.
“നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്ത്വപൂര്‍ണ്ണമായ പ്രത്യക്ഷപ്പെടലിനു മുന്‍പായി നാം ഇനി ഒരു പരസ്യവെളിപാടും പ്രതീക്ഷിക്കേണ്ടതില്ല.” എന്ന വിശുദ്ധ കുരിശിന്‍റെ യോഹന്നാന്‍റെ (St John of the Cross) വാക്കുകള്‍ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അപ്പസ്തോലന്‍മാരുടെ മരണത്തോടെ വെളിപാട് അവസാനിച്ചുവെന്ന് സഭ പറയുന്നുണ്ടെങ്കിലും സുവിശേഷ പ്രഘോഷണം ആരംഭിച്ച കാലത്ത് നിലവിലില്ലാതിരുന്ന വിശ്വാസസത്യങ്ങള്‍ (ഉദാ. പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗാരോപണം) ഇന്ന് സഭയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളെക്കുറിച്ച് സഭയുടെ വിശദീകരണവും മതബോധന ഗ്രന്ഥത്തിലുണ്ടെന്ന് ഫാ.കൊവാള്‍സിക്ക് പറഞ്ഞു. “വെളിപാട് പരിസമാപ്തിയിലെത്തിയിരുന്നാലും അതു മുഴുവന്‍ പൂര്‍ണ്ണായും ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല” ക്രിസ്തുവാകുന്ന വ്യക്തിയില്‍ എല്ലാം വെളിപെടുത്തപ്പെട്ടു, എന്നാല്‍ പരിശുദ്ധത്മാവിനാല്‍ നയിക്കപ്പെടുന്ന തിരുസ്സഭയാണ് അതിന്‍റെ സാരം സത്യത്തിന്‍റെ പൂര്‍ണ്ണതയില്‍ (യോഹ.16,13)“ ദശാബ്ദങ്ങളിലൂടെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നത്”.

പ്രസ്തുത കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ടാണ് ‘സ്വകാര്യ വെളിപാടുകളെ’ പരിഗണിക്കേണ്ടത്. അവയില്‍ ചിലതിന് (ഉദാ. ഫാത്തിമായിലേയും ലൂര്‍ദിലേയും ദര്‍ശനങ്ങള്‍) സഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവയുടെ ലക്ഷൃം ക്രിസ്തുവിലൂടെ അന്തിമമായി നല്‍കപ്പെട്ട വെളിപാടിനെ ‘മെച്ചപ്പെടുത്തുകയോ’ ‘പൂര്‍ത്തീകരിക്കുകയോ’ അല്ല. ‘ചരിത്രത്തിന്‍റെ ഒരു പ്രത്യേക കാലഘട്ടത്തില്‍ ക്രിസ്തുവിന്‍റെ വെളിപാടിന് അനുസൃതമായി, കൂടുതല്‍ പൂര്‍ണ്ണമായി ജീവിക്കാന്‍ സഹായിക്കുകയാണെന്ന്’ ഫാ.കൊവാള്‍സിക്ക് വിശദീകരിച്ചു. ‘സ്വകാര്യ വെളിപാടുകളെ’ സംബന്ധിച്ച് ചിലപ്പോള്‍ വിശ്വാസികള്‍ അത്യുല്‍സാഹം പ്രകടമാക്കാറുണ്ട്. അത്തരം വെളിപാടുകള്‍ സഹായകരമായേക്കാമെങ്കിലും, ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്ന മുഖ്യമാര്‍ഗ്ഗങ്ങള്‍ ബൈബിള്‍, സഭാപാരമ്പര്യം, സഭയുടെ പ്രബോധനങ്ങള്‍ എന്നിവയാണെന്ന് ഫാ.ദാരിയൂസ് കൊവാള്‍സിക്ക് വ്യക്തമാക്കി.








All the contents on this site are copyrighted ©.