2012-12-04 16:22:42

പ്രവാസി ക്രൈസ്തവര്‍ സഭാ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി


04 ഡിസംബര്‍ 2012, മെല്‍ബണ്‍
കത്തോലിക്കര്‍ പ്രവാസ ജീവിതം നയിക്കുമ്പോഴും ക്രൈസ്തവ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുകയും ചെയ്യണമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഓസ്ട്രേലിയയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന കര്‍ദിനാള്‍ മെല്‍ബണിലെ സെന്‍റ് പാട്രിക് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചു നല്‍കിയ വചനസന്ദേശത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.

നാട്ടില്‍ മാതാപിതാക്കള്‍ പടുത്തുയര്‍ത്തിയ വിശ്വാസത്തിന്‍റെ ആഴം പ്രവാസി സമൂഹവും കൈമുതലാക്കണം. മാമ്മോദീസ, തൈലാഭിഷേകം, ആദ്യകുര്‍ബാന എന്നീ പ്രാരംഭ കൂദാശകളില്‍ അടിയുറച്ചു സഭയുടെയും സ്വര്‍ഗത്തിന്‍റെയും അവകാശികളാകാന്‍ ശ്രമിക്കണമെന്ന് കര്‍ദിനാള്‍ അവരെ ഉത്ബോധിപ്പിച്ചു.

വിശ്വാസ പരിശീലനത്തിന്‍േയും മതബോധനത്തിന്‍റേയും പ്രാധാന്യത്തെക്കുറിച്ചും കര്‍ദിനാള്‍ തദവസരത്തില്‍ പ്രതിപാദിച്ചു. വിശ്വാസപരിശീലനം കുടുംബങ്ങളില്‍ നിന്നാണ് ആരംഭിക്കേണ്ടത്. മക്കളെ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ പരിശ്രമിക്കണം. മതബോധന ക്ലാസുകള്‍ക്കും പ്രാധാന്യം കൊടുക്കണം. ദൈവപരിപാലനയില്‍ ആശ്രയിച്ചു മുന്നോട്ടുപോകാന്‍ ഏവരും പരിശ്രമിക്കണമെന്ന് കര്‍ദിനാള്‍ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.