2012-12-04 15:58:11

ദാരിദ്ര്യം എന്തുകൊണ്ട്?


04 ഡിസംബര്‍ 2012, റോം
യൂറോപ്യന്‍ മാധ്യമങ്ങളുടെ സഹകരണത്തിനും സാമൂഹ്യ പ്രതിബദ്ധതയ്ക്കും ആക്കം കൂട്ടുന്ന സംരംഭമാണ് ‘ദാരിദ്ര്യം എന്തുകൊണ്ട്?’ (Why Poverty - www.whypoverty.net ) എന്ന് വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാം ഡയറക്ടര്‍ ഫാ.അന്ദ്രെയ കോപ്രോസ്ക്കി. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തെക്കുറിച്ച് മാധ്യമബോധവല്‍ക്കരണം നടത്താന്‍ സ്റ്റെപ്സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പ്രസ്തുത അന്താരാഷ്ട്ര സംരംഭത്തില്‍ നിരവധി അന്താരാഷ്ട്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ സഹകരിക്കുന്നുണ്ട്. യൂറോപ്പിലെ പ്രക്ഷേപണ കേന്ദ്രങ്ങളുടെ സംയുക്ത സമിതിയുടെ (European Broadcasting Union-EBU) ആഭിമുഖ്യത്തില്‍ നവംബര്‍ 29ന് ‘ദാരിദ്ര്യം എന്തുകൊണ്ട്?’- ദിനാചരണവും നടത്തിയിരുന്നു.
സമഗ്രമായ മാനവ വികസനത്തിനുവേണ്ടി കത്തോലിക്കാ സഭ എക്കാലത്തും നിലകൊണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ 39 ഭാഷകളില്‍ നിരവധി പരിപാടികളുമായി വത്തിക്കാന്‍ റേഡിയോ ഈ സംരംഭത്തില്‍ പങ്കാളികളായത് യുക്തമാണെന്ന് ഫാ.കോപ്രോസ്ക്കി അഭിപ്രായപ്പെട്ടു. കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രബോധങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുകയാണ് പതിവെന്നും സഭാ പ്രബോധനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുന്നതില്‍ സന്തുഷ്ടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളുടേയും സമൂഹങ്ങളുടേയും വികസനത്തിനുവേണ്ടി മാധ്യമങ്ങള്‍ തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.