01 ഡിസംബര്‍ 2012, വത്തിക്കാന്‍ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമായി സര്‍ക്കസ് കലാകാരന്‍മാര്‍
മാര്‍പാപ്പയ്ക്കു മുന്‍പില്‍. ഡിംസബര്‍ ഒന്നാം തിയതി ശനിയാഴ്ച പാപ്പ അനുവദിച്ച പ്രത്യേക
കൂടിക്കാഴ്ച്ചയിലാണ് സര്‍ക്കസ് കലാകാരന്‍മാര്‍ പാപ്പായുടെ മുന്‍പില്‍ പ്രകടനം നടത്തിയത്.
കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍
കൗണ്‍സില്‍ സര്‍ക്കസ് കലാകാരന്‍മാര്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി നടത്തിയ തീര്‍ത്ഥാടനത്തില്‍
പങ്കെടുത്ത ഏഴായിരത്തോളം പേരാണ് കൂടിക്കാഴ്ച്ചയ്ക്കു വേദിയായ വത്തിക്കാനിലെ പോള്‍
ആറാമന്‍ ശാലയില്‍ സന്നിഹിതരായിരുന്നത്. കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള
പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ അന്തോണിയോ മരിയ വെല്യോയുടെ ആമുഖ
സന്ദേശത്തോടെയാണ് കൂടിക്കാഴ്ച്ച ആരംഭിച്ചത്. തുടര്‍ന്ന് സര്‍ക്കസ് കലാകാരന്‍മാരുടെ പ്രതിനിധികളുടെ
സാക്ഷൃമായിരുന്നു.
തങ്ങളുടെ അനുദിന പ്രവര്‍ത്തനങ്ങളിലൂടെ സഭയുടെ പ്രേഷിതദൗത്യത്തില്‍
പങ്കാളികളാകാന്‍ മാര്‍പാപ്പ അവരെ ക്ഷണിച്ചു. ഈ ഭൂമിയില്‍ അവരെപ്പോലെ തന്നെ തീര്‍ത്ഥാടകയാണ്
സഭയെന്നും പാപ്പ അവരെ അനുസ്മരിപ്പിച്ചു. അവരുടെ പാരമ്പര്യ മൂല്യങ്ങള്‍ നഷ്ടമാകാത്തെ കാത്തു
സൂക്ഷിക്കണമെന്നും മാര്‍പാപ്പ അവരെ ആഹ്വാനം ചെയ്തു. വിസ്മയകരമായ അഭ്യാസ പ്രകടനങ്ങള്‍
നടത്തുന്ന അവര്‍ക്ക് സുവിശേഷ മൂല്യങ്ങളിലൂടെ നവ തലമുറകള്‍ക്ക് പ്രത്യാശയും പ്രോത്സാഹനവും
നല്‍കാന്‍ സാധിക്കും. സഞ്ചാരികളായ സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് ഏതെങ്കിലും ഇടവക സമൂഹത്തില്‍
അംഗങ്ങളായി വിശ്വാസ പരിശീലനം സാധ്യമല്ല, അതുകൊണ്ടുതന്നെ നവസുവിശേഷവല്‍ക്കരണം അനിവാര്യമായ
മേഖലയാണിത്. കുടുംബങ്ങളിലാണ് വിശ്വാസ പരിശീലനം ആരംഭിക്കേണ്ടതെന്ന് പറഞ്ഞ മാര്‍പാപ്പ അവരുടെ
കുടുംബങ്ങള്‍ വിശ്വാസത്തിന്‍റേയും ഉപവിയുടേയും കൂട്ടായ്മയുടേയും വിദ്യാലയങ്ങളായിരിക്കട്ടെയെന്ന്
ആശംസിച്ചു. ക്രിസ്തുവിനെ അറിയുകയും അവിടുത്തെ മറ്റുള്ളവരോടു പങ്കുവയ്ക്കുകയും ചെയ്യുന്നതിനേക്കാള്‍
മനോഹരമായി മറ്റൊന്നുമില്ലെന്നും മാര്‍പാപ്പ പറഞ്ഞു.