കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന് ആര്‍ച്ചുബിഷപ്പ്
തോമാസി
കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന പദ്ധതികള്‍ ആഗോള
തലത്തില്‍ ആവിഷ്ക്കരിക്കപ്പെടണമെന്ന് യു.എന്നിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും വത്തിക്കാന്‍റെ
സ്ഥിരം നിരീക്ഷകനായി സേവനമനുഷ്ഠിക്കുന്ന ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി. നവംബര്‍ 30ന്
അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ (IOM) ജനീവയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. കുടിയേറ്റക്കാര്‍ പ്രത്യേകിച്ച് ഏഴുകോടിയിലധികം വരുന്ന നിര്‍ബന്ധിത കുടിയേറ്റക്കാര്‍
നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം വ്യക്തമായി ആസൂത്രണം ചെയ്ത
ഫലപ്രദമായ സഹായപദ്ധതികള്‍ അവര്‍ക്കുവേണ്ടി ആവിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രാദേശിക
സമൂഹങ്ങളുടേയും ദേശീയ ഭരണകൂടങ്ങളുടേയും കൂട്ടായ സഹകരണം അതിനാവശ്യമാണ്. അതിഥി രാജ്യങ്ങളില്‍
സായുധ സംഘര്‍ഷമോ കലാപമോ മൂലം അടിയന്തരാവസ്ഥ ഉണ്ടായാല്‍ കുടിയേറ്റക്കാരുടെ സംരക്ഷണം ഉറപ്പവരുത്തുന്നതിന്
അന്താരാഷ്ട്ര കുടിയേറ്റ സംഘടന രൂപം നല്‍കിയ അടിയന്തര സഹായ പദ്ധതി ( Migration Emergency
Funding Mechanism) ശ്ലാഘനീയമാണ്. പദ്ധതി കൂടതല്‍ വിപുലീകരിക്കുകയും കൂടുതല്‍ കാര്യക്ഷമമാക്കുകയും
വേണമെന്ന് ആര്‍ച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു. കുടിയേറ്റക്കാര്‍ നമ്മുടെ സമൂഹങ്ങളുടെ സമ്പത്താണ്.
തങ്ങളുടെ സംസ്ക്കാരവും മൂല്യങ്ങളും അന്യരാജ്യങ്ങളോടു പങ്കുവയ്ക്കുന്ന കുടിയേറ്റക്കാര്‍
സാമ്പത്തിക വികസനത്തിനും നിര്‍ണ്ണായക സംഭാവന നല്‍കുന്നുണ്ട്. സമൂഹത്തിന്‍റെ വികസനത്തിലും
വളര്‍ച്ചയിലും അവരുടെ പങ്ക് വിലയിരുത്തുകയും അവരുടെ പ്രശ്നങ്ങള്‍ ഗൗരവമായ മനുഷ്യാവകാശ
പ്രശ്നങ്ങളായി പരിഗണിച്ച് അവയ്ക്ക് പരിഹാരം കാണുകയും വേണമെന്ന് ആര്‍ച്ചുബിഷപ്പ് തോമാസി
അഭ്യര്‍ത്ഥിച്ചു.