2012-12-01 17:18:58

കര്‍ദിനാള്‍ റൊസാലെസ് പ്രത്യേക പേപ്പല്‍ പ്രതിനിധി


01 ഡിസംബര്‍ 2012, വത്തിക്കാന്‍
ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ (എഫ്.എ.ബി.സി) പത്താം സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ കര്‍ദിനാള്‍ ഗൗദെന്‍സ്യോ ബി.റോസാലെസ് പ്രത്യേക പേപ്പല്‍ പ്രതിനിധിയായി പങ്കെടുക്കും. മനിലാ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷനായ കര്‍ദിനാള്‍ റോസാലെസിനോടൊപ്പം റേഡിയോ വേരിത്താസിന്‍റെ ഏഷ്യന്‍ മേധാവിയായ വിയറ്റ്നാം സ്വദേശി മോണ്‍സ്. പീറ്റര്‍ ന്ഗുയെന്‍ തായി, ഫിലപ്പീന്‍സിലെ ലിപാ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ.അന്തോണിയോ മറലിത്ത് എന്നിവരേയും മാര്‍പാപ്പ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസംബര്‍ 11 മുതല്‍ 16 വരെ വിയറ്റ്നാമിലെ സൈഗോണിലുള്ള ഹ്വാന്‍ ലോക് രൂപതാ അജപാലന കേന്ദ്രത്തിലാണ് സമ്മേളനം നടക്കുന്നത്. എഫ്.എ.ബി.സി.യുടെ 40-ാം വാര്‍ഷികം ആഘോഷം സമ്മേളനത്തിന് കൂടുതല്‍ പകിട്ടേകും.

ഏഷ്യന്‍ രാജ്യങ്ങളിലെ 19 ദേശീയ കത്തോലിക്കാ മെത്രാന്‍ സംഘങ്ങളുടെ സംയുക്ത സമിതിയാണ് എഫ്.എ.ബി.സി. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനു ശേഷം, 1968ല്‍ മനിലായില്‍ സമ്മേളിച്ച ഏഷ്യന്‍ മെത്രാന്‍മാരാണ് ഏഷ്യയിലെ മെത്രാന്‍മാര്‍ക്കുവേണ്ടിയുള്ള ഒരു സംയുക്ത സമിതി എന്ന ആശയം മുന്നോട്ടു വച്ചത്. 1972ല്‍ ഭാഗ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ പാപ്പയുടെ അംഗീകാരത്തോടെ ഫെഡറേഷന്‍ ഔദ്യോഗിക പ്രവര്‍ത്തനമാരംഭിച്ചു. നാലുവര്‍ഷത്തിലൊരിക്കലാണ് ഫെഡറേഷന്‍റെ സമ്പൂര്‍ണ്ണസമ്മേളനം നടത്തുന്നത്. ഭാരതത്തിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, മുമ്പൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്സാണ് ഇപ്പോള്‍ ഫെഡറേഷന്‍റെ ചുക്കാന്‍ പിടിക്കുന്നത്.








All the contents on this site are copyrighted ©.