2012-11-30 12:34:40

ഗ്വാരത്തീബയുടെ പുല്‍പ്പുറങ്ങളില്‍
പാപ്പായ്ക്കൊപ്പം യുവജനങ്ങള്‍ സംഗമിക്കും


30 നവംമ്പര്‍ 2012, ബ്രസീല്‍
ലോക യുവജനമേളയില്‍ പാപ്പായ്ക്കൊപ്പമുള്ള പരിപാടികള്‍ക്ക്
ഗ്വാരത്തീബാ വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. റിയോനിന്നും 50 കി.മീ. അകലെയുള്ള ഗ്വാരത്തിബാ ജില്ലയുടെ വിശാലവും മനോഹരവുമായ പ്രാന്തപ്രദേശമാണ് പാപ്പായുടെ സാന്നിദ്ധ്യമുള്ള പരിപാടികള്‍ക്ക് വേദിയാകുന്നതെന്ന് സംഘാടകര്‍ നവംമ്പര്‍ 28-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

2013 ജൂലൈ 22-മുതല്‍ 27-വരെ ബ്രസീലിലെ റിയോ നഗരത്തില്‍ അരങ്ങേറുന്ന യുവജനമേളയുടെ അവസാന ഇനങ്ങളായ പാപ്പായ്ക്കൊപ്പമുള്ള യുവജനങ്ങളുടെ ജാഗര പ്രാര്‍ത്ഥനയ്ക്കും ദിവ്യബലിയ്ക്കുമാണ് ഗ്വാരത്തീബാ വേദിയാകുന്നതെന്ന് റിയോ നഗരസഭാദ്ധ്യക്ഷനും, സംഘാടക സമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഓറാനി ടെമ്പസ്റ്റായും അറിയിച്ചു.

പാപ്പാ നയിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ഗ്വാരത്തീബായുടെ വിസ്തൃതവും പച്ചയുമായ പുല്‍പ്പുറങ്ങളിലേയ്ക്ക് യുവാക്കളെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും
ഷട്ടില്‍ ബസ്സുകള്‍ സൗജന്യമായി സംവിധാനംചെയ്യുമെന്നും റിയോയുടെ ഗതാഗതവകുപ്പു മന്ത്രി ഗോഡ്വിന്‍ ഗോമസ്സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംമ്പര്‍‍ 25, 26, 27 തിയതികളില്‍ റിയോ നഗരത്തില്‍ സമ്മേളിച്ച മേളയുടെ അന്തര്‍ദേശീയ സംഘാടക സമിതിയാണ് 10 ലക്ഷത്തിലേറെ യുവജനങ്ങളെ പ്രതീക്ഷിക്കുന്ന സംഗമത്തിന്‍റെ സമാപന വേദിയെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങളിലെത്തിയത്.










All the contents on this site are copyrighted ©.