2012-11-29 20:27:52

അല്‍ബേനിയയ്ക്ക് പാപ്പായുടെ
അനുമോദനങ്ങള്‍


29 നവംമ്പര്‍ 2012, വത്തിക്കാന്‍
അല്‍ബേനിയന്‍ റിപ്പബ്ളിക്കിന് ബനഡിക്ട് 16-ാമന്‍ പാപ്പ സ്വാതന്ത്ര്യത്തിന്‍റെ ശതാബ്ദി ആശംസകള്‍ അര്‍പ്പിച്ചു. നവംമ്പര്‍ 28-ാം തിയതി യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയ ആഘോഷിച്ച സ്വാതന്ത്രൃത്തിന്‍റെ 100-ാം വാര്‍ഷികദിനത്തില്‍ പ്രസിഡന്‍റ്, ബുജാര്‍ നിഷാനിക്ക് അയച്ച സന്ദേശത്തിലാണ് രാഷ്ട്രത്തിലെ ഓരോ പൗരന്മാര്‍ക്കും, പ്രസിഡന്‍റിന് വ്യക്തിപരമായും പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍ പാപ്പ അറിയിച്ചത്.

തലസ്ഥാന നഗരമായ തിരാനായില്‍ നടന്ന ആഘോഷ പരിപാടികളിലേയ്ക്ക് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയായി, ഇറ്റലിയിലെ മൊന്തെനേഗ്രോയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് സെഫ് ഗാഷിയെ പാപ്പാ അയയ്ക്കുകയും ചെയ്തു. സമാധാനത്തിന്‍റെയും നീതിയുടെയും സമൃദ്ധിയുടെയും ചുറ്റുപാടുകള്‍ ഇനിയും ബലപ്പെടുത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രത്തിന്‍റെ വളര്‍ച്ചയുടെ നിര്‍ണ്ണായകമായ ഇക്കാലയളവില്‍ അലബേനിയയ്ക്കുവേണ്ടി സന്ദേശത്തിലൂടെ പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥനകള്‍ വാഗ്ദാനംചെയ്തു.

നൂറ്റാണ്ടുകളായി വിസിഗോത്ത്, ഗൂണ്‍, ബുള്‍ഗേര്‍, സ്ലാവ് ശക്തികളുടെ ആക്രമണങ്ങള്‍ നിരന്തരമായി അനുഭവിച്ചിട്ടുള്ള ഏഡ്രിയാറ്റിക്ക് തീരത്തു കിടക്കുന്ന ഈ രാജ്യം, 1912-ല്‍ സ്വതന്ത്രമാകുന്നതുവരെ ഓട്ടോമാന്‍ ഭരണകൂടത്തിന്‍റെ അധീനതയിലായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കമ്മ്യൂണിസ്റ്റ് രാഷ്ട്രമായി ഉയിര്‍ത്തെഴുന്നേറ്റ അല്‍ബേനിയ
1989-ല്‍ മാത്രമാണ് ജനാധിപത്യ രാഷ്ട്രമായി വളര്‍ന്നത്.

‘പാവങ്ങളുടെ അമ്മ’യെന്ന് ലോകം വിശേഷിപ്പിക്കുകയും, ആതുരശുശ്രൂഷയില്‍ സമര്‍പ്പിതമായ ‘മിഷനണറീസ് ഓഫ് ചാരിറ്റി’ സഭ സ്ഥാപിക്കുകയും ചെയ്ത ‘കല്‍ക്കട്ടയിലെ മദര്‍ തെറേസാ’ അല്‍ബേനിയായിലെ സ്ക്കോപ്ജെ സ്വദേശിനിയാണ്.










All the contents on this site are copyrighted ©.