2012-11-28 18:16:39

‘യാദ് യഷീം’ പുരസ്ക്കാരം
കര്‍ദ്ദിനാള്‍ ആഞ്ചെലോ കോസ്തായ്ക്ക്


28 നവംമ്പര്‍ 2012, ജരൂസലേം
ഇസ്രായേലിന്‍റെ 2012ലെ ‘യാദ് യഷീം’ പുരസ്ക്കാരം ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലോ കോസ്തായ്ക്ക് സമ്മാനിച്ചു. നാസി കൂട്ടക്കൊലയില്‍നിന്നും യഹൂദരെ രക്ഷിക്കുവാന്‍ വടക്കെ ഇറ്റലിയിലെ ഫ്ലോറന്‍സില്‍ കര്‍ദ്ദിനാള്‍ കോസ്ത ചെയ്ത മനുഷ്യത്വത്തിന്‍റെ ധീര സേവനത്തിനാണ് ‘സേവനത്തില്‍ ശ്രേഷ്ഠനായവന്‍’ - ‘യാദ് യഷീം’ പുരസക്കാരം നല്കി അദ്ദേഹത്തെ ആദരിക്കുന്നതെന്ന് ഇസ്രായേലിന്‍റെ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

നാസി പട്ടാളത്തിന്‍റെ ഇറ്റലി അധിനിവേശത്തെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന യഹൂദ സമൂഹം അനുഭവിച്ച പീഡനങ്ങള്‍ക്കുമദ്ധ്യേ തന്‍റെ രൂപതാ വൈദികരെയും അല്‍മായരെയും സംഘടിപ്പിച്ചു കര്‍ദ്ദിനാള്‍ കോസ്താ നടത്തിയ നിസ്തുല സേവനങ്ങള്‍ക്ക് അംഗീകാരമായിട്ടാണ് ഇസ്രായേല്‍ സര്‍ക്കാര്‍ മരണാനന്തര ബഹുമതിയായി കര്‍ദ്ദിനാള്‍ കോസ്തയ്ക്ക് ‘യാദ് യഷീം’ നല്കുന്നതെന്ന് പ്രസ്താവന വ്യക്തമാക്കി.

1931-മുതല്‍ 61-വരെയുള്ള, മൂന്നു ദശകക്കാലത്തു നടമാടിയ കൂട്ടക്കൊലയുടെയും നാടുകടത്തലിന്‍റെയും ക്രൂരമായ സാമൂഹ്യ അന്തരീക്ഷീത്തില്‍ ക്രിസ്തു സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാന്നിദ്ധ്യമായിട്ടാണ് കര്‍ദ്ദിനാള്‍ കോസ്ത ഫ്ലോറന്‍സിലെ യഹൂദര്‍ക്ക് സംരക്ഷണവും മുറിപ്പെട്ടവര്‍ക്ക് പരിചരണവും ലഭ്യമാക്കിയതെന്ന് പ്രസ്താവന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.