2012-11-27 16:29:45

യുവജനങ്ങളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ ലോകയുവജന സംഗമം മാത്രം പോരെന്ന് കര്‍ദിനാള്‍ റെയില്‍ക്കോ


27 നവംബര്‍ 2012, റിയോ ഡി ജനീറോ
ആഗോള യുവജനസംഗമങ്ങള്‍ കൊണ്ടു മാത്രം യുവജനങ്ങളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ സാധിക്കില്ലെന്ന് അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് റെയില്‍ക്കോ. 2013ല്‍ ആഗോള യുവജനസംഗമത്തിനു വേദിയാകുന്ന ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ആസൂത്രണ സമിതിയോഗത്തില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.
ക്ഷമാപൂര്‍ണ്ണമായ അനുദിന അജപാലന ശുശ്രൂഷയിലൂടെയാണ് യുവജനങ്ങളെ വിശ്വാസത്തില്‍ ദൃഡപ്പെടുത്തേണ്ടതെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. സാര്‍വ്വത്രിക സഭ യുവജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന പ്രേഷിതശുശ്രൂഷയില്‍ ആഗോളയുവജനസംഗമങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അവ യുവജനസുവിശേഷവല്‍ക്കരണത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. രൂപതകളിലും, ഇടകവകളിലും ഇതര സഭാസമൂഹങ്ങളിലും നടക്കുന്ന യുവജന പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെയാണ് യുവജന സുവിശേഷവല്‍ക്കരണം കൂടുതല്‍ ഫലദായകമാകുന്നതെന്നും കര്‍ദിനാള്‍ വിശദീകരിച്ചു.
ഈ ദിവസങ്ങളില്‍ റിയോ ഡി ജനീറോയില്‍ നടക്കുന്ന ആസൂത്രണ സമിതി യോഗത്തില്‍ 75 രാജ്യങ്ങളില്‍ നിന്നുള്ള 200 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. യോഗം നവംബര്‍ 29ാം തിയതി വ്യാഴാഴ്ച സമാപിക്കും.
2013 ജൂലൈ 23 മുതല്‍ 28 വരെയാണ് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ആഗോള യുവജനസംഗമം അരങ്ങേറുന്നത്.








All the contents on this site are copyrighted ©.