2012-11-27 16:30:21

നൈജീരിയായിലെ ആക്രമണം മാനവികതയ്ക്കു നിരക്കാത്ത അപരാധമെന്ന് നവകര്‍ദിനാള്‍ ഒനായിയേക്കന്‍


27 നവംബര്‍ 2012, റോം
മാനവികതയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് നൈജീരിയായിലെ ഭീകരരുടേതെന്ന് നവകര്‍ദിനാളും നൈജീരിയായിലെ അബൂജാ അതിരൂപതാധ്യക്ഷനുമായ ജോണ്‍ ഒലൊരൂണ്‍ഫെമി ഒനായിയേക്കന്‍. ഞായറാഴ്ച നൈജീരിയായുടെ തലസ്ഥാനമായ അബൂജായില്‍ നടന്ന രണ്ട് ചാവേര്‍ ആക്രമണങ്ങളില്‍ പതിനൊന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു. കഡുനാ സംസ്ഥാനത്തെ സൈനിക കേന്ദ്രത്തിലുള്ള പ്രൊട്ടസ്റ്റന്‍റ് ദേവാലയത്തിനു നേരേയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബൊക്കോ ഹറാം തീവ്രവാദ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു.

നൈജീരിയായില്‍ ആവര്‍ത്തിക്കപ്പെടുന്ന ഭീകരാക്രമണം ഉത്കണ്ഠാജനകമാണെന്ന് കര്‍ദിനാള്‍ ഒനായിയേക്കന്‍ പ്രസ്താവിച്ചു. ക്രൈസ്തവര്‍ക്കു നേരെ മാത്രമല്ല ആക്രമണം നടക്കുന്നത്. വെള്ളിയാഴ്ചകളില്‍ മോസ്ക്കുകള്‍ക്കുനേരേയും ആക്രമണം നടന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. നൈജീരിയായിലെ മുസ്ലീമുകള്‍ നേതാവായി ആദരിക്കുന്ന സുല്‍ത്താന്‍ സൊക്കോടോയോട് താന്‍ സംസാരിച്ചു കഴിഞ്ഞെന്ന് വെളിപ്പെടുത്തിയ കര്‍ദിനാള്‍ നൈജീരിയയുടെ സുരക്ഷയ്ക്കുവേണ്ടി മതനേതാക്കള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും പ്രസ്താവിച്ചു.








All the contents on this site are copyrighted ©.