2012-11-26 15:26:27

മാര്‍പാപ്പ നവകര്‍ദിനാള്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി


26 നവംബര്‍ 2012, വത്തിക്കാന്‍
നവകര്‍ദിനാള്‍മാര്‍, അവരുടെ കുടുംബാംഗങ്ങള്‍, ബന്ധുമിത്രാദികള്‍, കണ്‍സിസ്റ്ററിയില്‍ സംബന്ധിക്കാനെത്തിയ ഇതര പ്രമുഖ അതിഥികള്‍ എന്നിവരോട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ബസേലിയൂസ് മാര്‍ ക്ലീമിസ്, റോമന്‍ ചുവിരിനു പുറത്തുള്ള വിശുദ്ധ പൗലോശ്ലീഹായുടെ പുരാതന ബസിലിക്കയുടെ പ്രധാന പുരോഹിതന്‍ മൈക്കിള്‍ ജെയിംസ് ഹാര്‍വി, ലെബനോണിലെ മാരനൈറ്റ് പാത്രിയര്‍ക്കിസ് ബേച്ചരാ ബൂത്രോസ് റായ്, നൈജീരിയയിലെ അബൂജയുടെ മെത്രാപ്പോലീത്ത, ജോണ്‍ ഒലെരൂണ്‍ഫേമി ഒനായ്ക്കേന്‍,കൊളംമ്പിയായിലെ ബഗോട്ടോയുടെ മെത്രാപ്പോലീത്ത, റൂബെന്‍ സാലസ്സര്‍ ഗോമെസ്, ഫിലിപ്പീന്‍സിലെ മനിലാ അതിരൂപതാദ്ധ്യക്ഷന്‍, ലൂയിസ് അന്തോണിയോ തഗാലെ എന്നിവരെയാണ് മാര്‍പാപ്പ നവംബര്‍ 24ാം തിയതി ശനിയാഴ്ച നടന്ന കണ്‍സിസ്റ്ററിയില്‍ വച്ച് കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് നവകര്‍ദിനാള്‍മാരോടും അതിഥികളോടും പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്. കര്‍ദിനാള്‍മാരേയും കര്‍ദിനാള്‍സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിത്ഥികളെയും ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളില്‍ മാര്‍പാപ്പ അഭിവാദ്യം ചെയ്തു. കര്‍ദിനാള്‍മാര്‍ സേവനമനുഷ്ഠിക്കുന്നത് റോമിലോ ഇതര പ്രാദേശിക സഭകളിലോ ആയിരുന്നാലും സാര്‍വ്വത്രിക സഭയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ ശുശ്രൂഷയില്‍ പ്രത്യേകമാം വിധം അവര്‍ പങ്കുചേരുന്നുവെന്ന് മാര്‍പാപ്പ തദവസരത്തില്‍ പ്രസ്താവിച്ചു. കര്‍ദിനാള്‍മാരുടെ ഔദ്യോഗിക വസ്ത്രത്തിന്‍റെ നിറം ക്രിസ്തുവിന്‍റെ അജഗണത്തെ സ്വന്തം രക്തം ചിന്തിയും സംരക്ഷിക്കുവാനുള്ള അവരുടെ സന്നദ്ധതയാണ് വെളിപ്പെടുത്തുന്നത്. കത്തോലിക്കാ സഭയുടെ വിശുദ്ധിയും, ഐക്യവും, സമാധാനവും ലോകമെങ്ങും എത്തിക്കാനുള്ള ദൗത്യത്തില്‍ മാര്‍പാപ്പയുടെ പങ്കുകാരാകുന്ന നവകര്‍ദിനാള്‍മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവരുടെ കുടുംബാഗങ്ങളെയും ബന്ധുമിത്രാദികളെയും വിശ്വാസസമൂഹത്തേയും മാര്‍പാപ്പ ക്ഷണിച്ചു.








All the contents on this site are copyrighted ©.