2012-11-26 15:26:21

നവകര്‍ദിനാള്‍മാര്‍ മാര്‍പാപ്പയ്ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു


26 നവംബര്‍ 2012, വത്തിക്കാന്‍
ആരാധനാക്രമവത്‍സരത്തിലെ അവസാന ഞായറാഴ്ച – ക്രിസ്തുരാജന്‍റെ തിരുനാള്‍ ദിനം – നവകര്‍ദിനാള്‍മാര്‍ മാര്‍പാപ്പയോടൊപ്പം ദിവ്യബലിയര്‍പ്പിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയൂസ്‍ മാര്‍ ക്ലിമീസ് ഉള്‍പ്പെടെയുള്ള ആറ് നവകര്‍ദിനാള്‍മാരാണ് നവംബര്‍ 25ാം തിയതി ഞായറാഴ്ച രാവിലെ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി.കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിച്ചത്. നവകര്‍ദിനാള്‍മാരെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ ജെയിംസ് ഹാര്‍വെ കൃതജ്ഞതാ പ്രഭാഷണം നടത്തി.
നവകര്‍ദിനാള്‍മാര്‍ ഏറ്റെടുത്തിരിക്കുന്ന, ദൈവരാജ്യത്തെക്കുറിച്ച് ലോകത്തെ അറിയിക്കുക, എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തെക്കുറിച്ച് മാര്‍പാപ്പ ദിവ്യബലി മധ്യേ നല്‍കിയ വചനസന്ദേശത്തില്‍ പ്രതിപാദിച്ചു. ദൈവരാജ്യം ക്രിസ്തുവിലൂടെ പ്രകടമാകുന്നു. തന്‍റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും വഴിയാണ് ക്രിസ്തു ദൈവരാജ്യം സ്ഥാപിച്ചത്. ഭൗതികാധികാരമല്ല സ്നേഹ ശുശ്രൂഷയാണ് ക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തിന്‍റെ സ്വഭാവം. ക്രിസ്തു തന്‍റെ രാജ്യം തിരുസ്സഭയെ ഭരമേല്‍പ്പിച്ചിരിക്കുന്നു, പരിശുദ്ധാത്മാവിന്‍റെ കൃപയാല്‍ ദൈവരാജ്യം ലോകമെങ്ങും അറിയിക്കുകയെന്ന ദൗത്യമാണ് സഭ ഏറ്റെടുത്തിരിക്കുന്നത്. സുവിശേഷാനുസൃതമായ ജീവിതത്തിലൂടെ സത്യത്തിനു സാക്ഷൃം വഹിച്ചുകൊണ്ട് ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ പങ്കാളികളാകാന്‍ വിളിക്കപ്പെട്ടവരാണ് എല്ലാ കത്തോലിക്കരുമെന്ന് മാര്‍പാപ്പ തദവസരത്തില്‍ ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.