2012-11-26 15:27:14

നവകര്‍ദിനാളിന് പ്രാര്‍ത്ഥാശംസകള്‍


26 നവംബര്‍ 2012, റോം
മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ സഭയുടെ പരമാധ്യക്ഷനും മലങ്കരസഭയിലെ പ്രഥമ കര്‍ദിനാളുമായ ബസേലിയൂസ്‍ മാര്‍ ക്ലീമിസിന് ഭാരതത്തില്‍ നിന്നെത്തിയ രാഷ്ട്രീയ നേതാക്കളുടേയും മതാധ്യക്ഷന്‍മാരുടേയും പ്രതിനിധി സംഘം ആശംസകള്‍ അര്‍പ്പിച്ചു. നവംബര്‍ 25ാം തിയതി ഞായറാഴ്ച വി.യോഹന്നാന്‍റേയും പൗലോസിന്‍റേയും നാമത്തിലുള്ള ബസിലിക്കായില്‍ നടന്ന അനുമോദന യോഗത്തിലാണ് ഔദ്യോഗിക പ്രതിനിധി സംഘം നവകര്‍ദിനാളിന് പ്രാര്‍ത്ഥനാംശസകള്‍ നേര്‍ന്നത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ജോസ് കെ. മാണി എം.പി, പാലോട് രവി എം.എല്‍.എ., തിരുവനന്തപുരം നഗരസഭാ മേയര്‍ കെ. ചന്ദ്രിക തുടങ്ങിയവരാണ് കര്‍ദിനാള്‍ സ്ഥാനാരോഹണത്തിനെത്തിയ രാഷ്ട്രീയ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
ഞായറാഴ്ച വൈകീട്ട് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന അനുമോദന യോഗത്തില്‍ ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് സ്വാമി സൂക്ഷ്മാനന്ദ, ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട തുടങ്ങിയ ഇതര മതനേതാക്കളും, മാര്‍ത്തോമ്മാ സഭയിലെ ജോസഫ് മാര്‍ ബര്‍ണബസ്, ക്‌നാനായ സമുദായത്തിന്‍റെ അമേരിക്കയിലെ സഭാധ്യക്ഷന്‍ ആയുബ് മാര്‍ സില്‍വാനോസ്, സി.എസ്.ഐ. സഭയുടെ ബിഷപ്പ് ധര്‍മ്മരാജ് റസാലം, യാക്കോബായ സഭയിലെ സ്ലീബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്ക്കോപ്പ എന്നിവരും നവകര്‍ദിനാളിന് ആശംസകള്‍ അര്‍പ്പിച്ചു. പാരസ്പര്യത്തിന്‍റേയും ആദരവിന്‍റേയും സഹകരണത്തിന്‍റേയും പാതയിലൂടെ സഭൈക്യ – മതാന്തര സംവാദ മേഖലയില്‍ മുന്നേറാന്‍ നവകര്‍ദിനാളിന് സാധിക്കട്ടെയെന്ന് മതാന്തരസംവാദ പ്രതിനിധി സംഘം ആശംസിച്ചു.








All the contents on this site are copyrighted ©.