2012-11-26 15:26:55

അന്താരാഷ്ട്ര മത-സാംസ്ക്കാരിക സംവാദവേദി പ്രവര്‍ത്തനമാരംഭിക്കുന്നു


26 നവംബര്‍ 2012, വിയന്ന
അബ്ദുള്ള രാജാവിന്‍റെ പേരിലുള്ള അന്താരാഷ്ട്ര മത - സാംസ്ക്കാരിക സംവാദവേദി (King Abdullah bin Abdulaziz International Centre for Interreligious and Intercultural Dialogue-KAICIID) നവംബര്‍ 26ാം തിയതി തിങ്കളാഴ്ച ആസ്ട്രിയയുടെ തലസ്ഥാനമായ വിയെന്നയില്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സംവാദവേദിയില്‍ സ്ഥാപക – നിരീക്ഷക – അംഗത്വം (Founding Observer) സ്വീകരിച്ച പരിശുദ്ധ സിംഹാസനത്തിന്‍റെ ഔദ്യോഗിക പ്രതിനിധി സംഘം ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 2011 ഒക്ടോബര്‍ മാസത്തില്‍ രൂപീകരിക്കപ്പെട്ട മത - സാംസ്ക്കാരിക സംവാദത്തിനായുള്ള അന്താരാഷ്ട്ര കേന്ദ്രമാണ് 26ാം തിയതി തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിച്ചത്.
യു.എന്നിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ഈ അന്താരാഷ്ട്ര സമിതിയില്‍ സൗദി അറേബ്യയെക്കൂടാതെ സ്പെയിന്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ സ്ഥാപക അംഗങ്ങളാണ്. മത-സാംസ്ക്കാരിക സംവാദത്തിനായുള്ള അന്താരാഷ്ട്ര സമിതിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇസ്ലാംമതം, ഹിന്ദുമതം, യഹൂദമതം, ബുദ്ധമതം തുടങ്ങിയ, പ്രമുഖ ലോകമതങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ട്. സമിതിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്നത് മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സെക്രട്ടറി ഫാ.മിഖല്‍ ആങ്ഹേല്‍ അയുസോ ഗ്വിക്സോട് ആണ്.








All the contents on this site are copyrighted ©.