2012-11-22 16:35:03

നിയുക്ത കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവായുടെ
സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് വന്‍ പ്രതിനിധിസംഘം


22 നവംമ്പര്‍ 2012, തിരുവനന്തപുരം
നിയുക്ത കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവായുടെ സ്ഥാനാരോഹണ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്ന് സര്‍വ്വമത പ്രതിനിധിസംഘം വത്തിക്കാനില്‍ എത്തുമെന്ന് മലങ്കര സഭയുടെ വക്താവ് അറിയിച്ചു.

മലങ്കര സഭാംഗങ്ങളെക്കൂടാതെ ഹിന്ദു മുസ്ലിം സഹോദരങ്ങളും,
മെത്രാന്മാരും, മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടുന്ന 400 പേരുടെ പ്രതിനിധി സംഘമാണ് നവംമ്പര്‍ 24-ാം തിയതി ശനിയാഴ്ച വത്തിക്കാനില്‍ ആഘോഷിക്കുന്ന ബസീലിയോസ് മാര്‍ ക്ലീമിസ് തിരുമേനിയുടെ സ്ഥാനോരോഹണ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടതെന്ന് മലങ്കര സഭയുടെ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

തിരുവനന്തപുരും അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് സൂസാ പാക്യം, കേന്ദ്രമന്ത്രി പി. ജെ. കുര്യന്‍, വ്യോമയാന മന്ത്രി കെ. സി. വേണുഗോപാല്‍, മുസ്ലിം ലീഗ് ലോക സഭാംഗം ഇ. മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസ്സ് നിയമസഭാംഗം പാലോട് രവി, തിരുവനന്തപുരം മേയര്‍
കെ. ചന്ദ്രിക എന്നിവരാണ് മാര്‍ ക്ലീമിസ് ബാവയെയും മറ്റ് അഞ്ച് പേരെയും ബനഡിക്ട് 16-ാമന്‍ പാപ്പ സഭയിലെ കര്‍ദ്ദിനാളന്മാരായി വാഴിക്കുന്ന വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട
പ്രതിനിധി സംഘത്തിലെ പ്രമുഖരെന്നും സഭാ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, തിരുവന്തപുരം മലങ്കര അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ, 53 വയസ്സുള്ള മേജര്‍ ആര്‍ച്ചുബിഷപ്പ് ബസീലിയോസ് മാര്‍ ക്ലീമിസ് ബാവയാണ് 211-പേരുള്ള കര്‍ദ്ദിനാള്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.








All the contents on this site are copyrighted ©.