2012-11-22 17:04:26

കുറ്റവാളികളെ തിരുത്തി
വീണ്ടെടുക്കണമെന്ന് പാപ്പാ


22 നവംമ്പര്‍ 2012, വത്തിക്കാന്‍
പാര്‍‍‍ശ്വവത്ക്കരിക്കപ്പെടുകയും പുച്ഛിക്കപ്പെടുകയും ചെയ്തിട്ടുള്ള തടവുകാരുടെ മനുഷ്യാന്തസ്സും അവകാശങ്ങളും മാനിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു.
യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ജയില്‍ ഡയറക്ടര്‍മാരെ നവംമ്പര്‍ 22-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
കുറ്റവാളികളെ ശിക്ഷിച്ചു തളളുന്ന നീതി വ്യവസ്ഥിതിക്കപ്പുറം, അവരെ തിരുത്തുകയും പുനരധിവസിപ്പിച്ച് സമൂഹത്തിന്‍റെ നന്മ വളര്‍ത്തുകയും ചെയ്യുന്ന സാമൂഹ്യ സംവിധാനം രാഷ്ട്രങ്ങളുടെ
നീതി-ന്യായ വകുപ്പിന്‍റെ ഭാഗമാക്കണമെന്ന് പാപ്പ നിര്‍ദ്ദേശിച്ചു.

നീതി നടപ്പാക്കുന്ന പ്രക്രിയയില്‍ ശിക്ഷിക്കുക മാത്രമല്ല, കുറ്റവാളികളെ തിരുത്താനും അവരുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള സാമൂഹ്യ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും, പരമമായ
ദൈവികനീതിയില്‍ അധിഷ്ഠിതമായ മാനവികനീതി എപ്പോനും മനുഷ്യാന്തസ്സു മാനിക്കുന്നതായിരിക്കുമെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

നീതിമാന്മാരെ അല്ല, പാപികളെ തേടിയാണ് താന്‍ വന്നതെന്നു പ്രഖ്യാപിച്ച ക്രിസ്തുവിന്‍റെ വിമോചന സ്നേഹത്തിന്‍റെ ശക്തി, തടങ്കല്‍ ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്ക് മാതൃകയായി പാപ്പ ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളുടെ ധാര്‍മ്മിക ഭാരത്താല്‍ തളരുകയും നിരാശരാകുകയും ഒറ്റപ്പെടുകയും ചെയ്യുന്നവര്‍ക്ക് മനുഷ്യാന്തസ്സിനിണങ്ങുന്ന സ്നേഹസ്പര്‍ശം സാന്തനവും സൗഖ്യവും പകരുമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.