2012-11-21 19:33:27

മാര്‍ ക്ലീമിസ് ബാവായെ
ശനിയാഴ്ച പാപ്പ കര്‍ദ്ദിനാളായി വാഴിക്കും


21 നവംമ്പര്‍ 2012, വത്തിക്കാന്‍
നവംമ്പര്‍ 24-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം രാവിലെ
11 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ഔദ്യോഗികമായി പാപ്പാ വിളിച്ചുകൂട്ടുന്ന കര്‍ദ്ദിനാളന്മാരുടെ സംഘത്തിലാണ്, consistory-യിലാണ് മലങ്കര കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, തിരുവനന്തപുരം മലങ്കര അതിരൂപതാ മെത്രാപ്പോലീത്തയുമായ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവയെ പാപ്പ കര്‍ദ്ദിനാളായി വാഴിക്കുന്നത്.

സഭയിലെ മറ്റ് അഞ്ച് പുതിയ കര്‍ദ്ദിനാളന്മാര്‍ക്ക് ഒപ്പമാണ് മാര്‍ ക്ലീമിസ് ബാവയെയും ശനിയാഴ്ച പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത്. പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലും സഭയിലെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ കൂട്ടായ്മയിലും നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷമദ്ധ്യേയാണ് പുതിയ കര്‍ദ്ദിനാളന്മാരെ പാപ്പാ വാഴിക്കുന്നത്.

സ്ഥാനിക തൊപ്പിയും മോതിരവും അണിയിക്കല്‍, ശുശ്രൂഷാ പദവി പ്രഖ്യാപിക്കല്‍ എന്നിവയാണ് സഭയുടെ രാജകുമാരന്മാരായ കര്‍ദ്ദിനാളന്മാരുടെ വാഴിക്കലിന്‍റെ മുഖ്യചടങ്ങുകള്‍.

നവംമ്പര്‍ 25-ാം തിയതി ഞായറാഴ്ച, ക്രിസ്തുരാജന്‍റെ തിരുനാള്‍ ദിനത്തില്‍ പ്രാദേശിക സമയം രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ പുതിയ കര്‍ദ്ദിനാളന്മാര്‍ പാപ്പായ്ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കുമെന്നും വത്തിക്കാന്‍റെ ആരാധക്രമങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

ഒക്ടോബര്‍ 24-ാം തിയതി വത്തിക്കാനില്‍ നടന്ന പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് സഭയിലെ ആറു പുതിയ കര്‍ദ്ദിനാളന്മാരെ പാപ്പാ പ്രഖ്യാപിച്ചത്.

ബസീലിയോസ് മാര്‍ ക്ലീമിസ് തീരുമേനിക്കു പുറമേ,
1. വത്തിക്കാനിലെ പേപ്പല്‍ അരമനയുടെ പ്രീഫേക്ടും, റോമന്‍ ചുവിരിനു പുറത്തുള്ള വിശുദ്ധ പൗലോശ്ലീഹായുടെ പുരാതന ബസിലിക്കയുടെ പ്രധാന പുരോഹിത സ്ഥാനം ആലങ്കരിക്കുന്ന
ബിഷപ്പ് മൈക്കിള്‍ ജെയിംസ് ഹാര്‍വി,

2. ലെബനോണിലെ മാരനൈറ്റ് പാത്രിയര്‍ക്കിസ് ബേച്ചരാ ബൂത്രോസ് റായ്,

3. നൈജീരിയയിലെ അബൂജയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോണ്‍ ഒലെരൂണ്‍ഫേമി ഒനായ്ക്കേന്‍,

4. കൊളംമ്പിയായിലെ ബഗോട്ടോയുടെ മെത്രാപ്പോലീത്ത,
ആര്‍ച്ചുബിഷപ്പ് റൂബെന്‍ സാലസ്സര്‍ ഗോമെസ്,

5. ഫിലിപ്പീന്‍സിലെ മനിലാ അതിരൂപതാദ്ധ്യക്ഷന്‍,
ആര്‍ച്ചുബിഷപ്പ് ലൂയിസ് അന്തോണിയോ തഗാലെ എന്നിവരെയാണ്
കര്‍ദ്ദിനാളന്മാരായി പാപ്പ വാഴിക്കുന്നത്.

ഇതോടെ ആഗോള സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 211- ആയി ഉയരുകയാണ്. അതില്‍ 80 വയസ്സിനു താഴെയുള്ള 122 പേര്‍ പാപ്പായുടെ തിരഞ്ഞെടുപ്പില്‍ വേട്ടവകാശം ഉള്ളവരും, ബാക്കി 89-പേര്‍ കാനോനിക പ്രായപരിധി കഴിഞ്ഞതിനാല്‍ വോട്ടവകാശം ഇല്ലാത്തവരുമാകുന്നു.









All the contents on this site are copyrighted ©.