2012-11-19 18:21:57

സമുദ്രലോകത്തെ സുവിശേഷവത്ക്കരണ
ദൗത്യവുമായി അന്താരാഷ്ട്ര സമ്മേളനം


19 നവംമ്പര്‍ 2012, വത്തിക്കാന്‍
സമുദ്രലോകത്തും സുവിശേഷവത്ക്കരണം അനിവാര്യമാണെന്ന്, പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേല്യോ പ്രസ്താവിച്ചു.
കടലില്‍ യാത്രചെയ്യുന്നവരുടെയും ജോലിചെയ്യന്നുവരുടെയും അജപാലന ശുശ്രൂഷയ്ക്കുള്ള അന്തര്‍ദേശിയ സംഘടന apostolatus maris-ന്‍റെ 23-ാമത് സമ്മേളനം വത്തിക്കാനില്‍ ഉദ്ഘാടനംചെയ്തുകൊണ്ടുള്ള പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ വേല്യോ ഇങ്ങനെ പ്രസ്താവിച്ചത്.

മാസങ്ങളോളം നീണ്ടുനില്ക്കുന്ന കടല്‍യാത്ര ചെയ്യുന്നവര്‍ക്കും, കടലിലും കപ്പലിലുമായി വിവിധ ജോലികളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുവിശേഷസന്ദേശം എത്തിച്ചുകൊടുക്കുന്നതും, അവരുടെ വിവിധ തലത്തിലുള്ള മാനുഷിക ആവശ്യങ്ങളില്‍ സഹായിക്കുന്നതും സുവിശേഷവത്ക്കരണം തന്നെയാണെന്ന് കര്‍ദ്ദിനാള്‍ വേല്യോ സമ്മേളനത്തിന്‍റെ ആമുഖപ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. മാസങ്ങളോളം കരുയുമായി ബന്ധമില്ലാതെയും സഭയുടെ സാധാരണ അജപാലന ശുശ്രൂഷ ലഭിക്കാതെയും സമുദ്രലോകത്ത് ജീവിക്കുന്ന ചെറുതും വലുതുമായ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് മാനുഷികവും ആത്മീയവുമായ പിന്‍തുണ ലഭിക്കുകയെന്നുള്ളത് അത്യാവശ്യമാണെന്നും കര്‍ദ്ദിനാള്‍ വേല്യോ സമ്മേളനത്തില്‍ സമര്‍ത്ഥിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിലും തീരങ്ങളിലും വൈവിധ്യമാര്‍ന്നതും വിലപ്പെട്ടതുമായ ശുശ്രൂഷകള്‍ കാഴ്ചവയ്ക്കുന്നവരുടെ നിര്‍ലോഭമായ ശുശ്രൂഷയെ ശ്ലാഘിച്ച കര്‍ദ്ദിനാള്‍ വേല്യോ, ഫലവത്തായ അജപാലന ശുശ്രൂഷ ഇനിയും ഈ മേഖലയില്‍ ലഭ്യമാക്കാനുള്ള വിശ്വാസവത്സരത്തിലെ സഭയുടെ സംഘടിതമായ പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ അന്തര്‍ദേശിയ സമ്മേളനമെന്നും പ്രസ്താവിച്ചു. ജീവിതചുറ്റുപാടുകളുടെ ബദ്ധപ്പാടില്‍ നീറിനില്ക്കുന്ന ആത്മീയതയുടെ കരിന്തിരി വീണ്ടും തെളിയിക്കാന്‍ സമ്മേളനം ഏവരെയും പ്രോജ്വലിപ്പിക്കട്ടെയുന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ഉദ്ബോധിപ്പിച്ചുകൊണ്ട് കര്‍ദ്ദിനള്‍ വേല്യോ സമ്മേളനത്തിന് തിരിതെളിയിച്ചു.









All the contents on this site are copyrighted ©.