2012-11-19 18:10:57

മദ്ധ്യപൂര്‍വ്വദേശത്തെ സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍
പതറാതെ പങ്കുചേരുമെന്ന് പാപ്പ


19 നവംമ്പര്‍ 2012, വത്തിക്കാന്‍
സുവിശേഷത്തിന്‍റെ രക്ഷാസത്യം മദ്ധ്യപൂര്‍വ്വദേശത്തു പ്രഘോഷിക്കാന്‍ കോപ്റ്റിക്ക് സഭയും കത്തോലിക്കാ സഭയും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പാ പ്രസ്താവിച്ചു. നവംമ്പര്‍ 17-ാം തിയതി ഞായറാഴ്ച അലക്സാന്‍ഡ്രിയായില്‍ നടന്ന കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് പോപ്പ്, തവാദ്രോസ് ദ്വിദിയന്‍റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് അയച്ച അഭിനന്ദന സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.

ഇരുസഭകള്‍ തമ്മിലുള്ള സഭൈക്യ സംവാദത്തിനു പുറമേ, ദൈവശാസ്ത്രപരമായി കൂടുതല്‍ ആഴമുള്ള സഹോദരബന്ധം ഊറ്റിയുറപ്പിക്കുവാന്‍ പരിശ്രമിക്കുമെന്നും പാപ്പ സന്ദേശത്തിലൂടെ പ്രസ്താവിച്ചു.
ഈജിപ്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കോപ്റ്റിക്ക് സഭയും അവിടത്തെ ക്രൈസ്തവരും നേരിടുന്ന ആത്മീയവും അജപാലന പരവുമായ വെല്ലുവിളികളില്‍ വത്തിക്കാന്‍റെ ധാര്‍മ്മിക പിന്‍തുണയും സഹായഹസ്തവും എപ്പോഴും ഉണ്ടാകുമെന്നും, സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കേട്ട് കോഹു വഴി അയച്ച സന്ദേശത്തില്‍
പാപ്പ ഉറപ്പുനല്കി.

നീണ്ട നാല്പതു വര്‍ഷക്കാലം സഭയെ നയിച്ച കോപ്റ്റിക്ക് പോപ്പ് ഷെനൗദ് ത്രിദിയന്‍ മാര്‍ച്ച് 17-ന് കാലം ചെയ്തതിനെ തുടര്‍ന്നാണ് പാത്രിയര്‍ക്കിസ് തവാദ്രോസ് ദ്വിദിയന്‍ അലക്സാന്‍ഡ്രിയായിലെ കോപ്റ്റിക്ക് പോപ്പായി തിരഞ്ഞെടുക്കപ്പെട്ടത്.









All the contents on this site are copyrighted ©.