2012-11-17 15:37:29

വയോധികര്‍ അമൂല്യ സമ്പത്ത്


17 നവംബര്‍ 2012, വത്തിക്കാന്‍
വയോധികരെ സമൂഹത്തിന് ആവശ്യമുണ്ടെന്നും, അവര്‍ സമൂഹത്തിന്‍റെ അമൂല്യമായ സമ്പത്താണെന്നും വത്തിക്കാന്‍ വാര്‍ത്താകാര്യാല്യയത്തിന്‍റെ മേധാവി ഫാ.ഫെദറിക്കോ ലൊംബാര്‍ദി എസ്.ജെ. വത്തിക്കാന്‍ ടെലിവിഷന്‍റെ വാരാന്ത്യപരിപാടിയായ ഒക്ടാവോ ദിയെസില്‍, നവംബര്‍ പതിനേഴാം തിയതി ശനിയാഴ്ച, നല്‍കിയ വിചിന്തനത്തിലാണ് വത്തിക്കാന്‍ ടെലിവിഷന്‍റേയും റേഡിയോയുടേയും ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാ.ലൊംബാര്‍ദി ഇപ്രകാരം പറഞ്ഞത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നവംബര്‍ 12ാം തിയതി തിങ്കളാഴ്ച, സാന്‍ എഡിജിയോ എന്ന അല്‍മായ സമൂഹം നടത്തുന്ന വൃദ്ധജന പരിപാലനകേന്ദ്രത്തിലേക്കു (“Viva gli Anziani”) നടത്തിയ സന്ദര്‍ശനം അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറകള്‍ക്ക് ജീവിതത്തെ സംബന്ധിച്ച അമൂല്യമായ മാര്‍ഗ്ഗദര്‍ശനങ്ങള്‍ സ്വീകരിക്കാവുന്ന ഒരു തുറന്ന പുസ്തകമാണ് വയോധികരുടെ ജീവിതം എന്ന മാര്‍പാപ്പയുടെ വാക്കുകള്‍ ഫാ.ലൊംബാര്‍ദി ആവര്‍ത്തിച്ചു. എന്നാല്‍ പ്രവര്‍ത്തന നിരതമാകുവാന്‍ ബദ്ധപ്പെടുന്നതിനേക്കാള്‍ ഉപരിയായി തങ്ങളുടെ ഹൃദയ വിജ്ഞാനം മറ്റുള്ളവര്‍ പകര്‍ന്നു നല്‍കാനാണ് വയോധികര്‍ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭയ്ക്കും സമൂഹത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പ വയോധികരെ ആഹ്വാനം ചെയ്തിരുന്നു. ലോകസമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്ക‍ാന്‍ അവരോടാവശ്യപ്പെട്ട മാര്‍പാപ്പ തിരുസ്സഭയ്ക്കുവേണ്ടിയും തനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും അവരോട് അഭ്യര്‍ത്‍ഥിച്ചു. വിശ്വാസവും പ്രത്യാശയുമുള്ള വയോധികര്‍ അവരുടെ ജീവിത യാത്രയുടെ അവസാനഘട്ടത്തില്‍ കര്‍ത്താവിനോടും വിശുദ്ധരോടും ഏറ്റവുമടുത്തു നില്‍ക്കുന്നവരാണ്. അതുകൊണ്ടു തന്നെ അവരുടെ പ്രാര്‍ത്ഥനയ്ക്ക് കൂടുതല്‍ കരുത്തുണ്ടെന്നും ഫാ.ലൊംബാര്‍ദി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.