2012-11-17 15:36:41

ഫ്രഞ്ചു മെത്രാന്‍മാരുടെ ആദ് ലിമിന സന്ദര്‍ശനം


17 നവംബര്‍ 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നവംബര്‍ 17ാം തിയതി ശനിയാഴ്ച രാവിലെ ഒരു സംഘം ഫ്രഞ്ചുമെത്രാന്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി. വത്തിക്കാനില്‍ ആദ് ലിമിന അപ്പസ്തോലോരും സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന ഫ്രഞ്ചു മെത്രാന്‍മാരുടെ രണ്ടാം സംഘവുമായാണ് പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്. വിശ്വാസവര്‍ഷം ഫ്രാന്‍സിന്‍റെ ആത്മീയ നവോത്ഥാനത്തിനുള്ള അവസരമായി പരിഗണിക്കണമെന്ന് പാപ്പ മെത്രാന്‍മാരെ ആഹ്വാനം ചെയ്തു. ദീര്‍ഘകാലത്തെ ക്രൈസ്തവ പാരമ്പര്യമുള്ള രാഷ്ട്രമാണ് ഫ്രാന്‍സ്. ഫ്രാന്‍സിന്‍റെ ക്രൈസ്തവ പാരമ്പര്യം അവഗണിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യാന്‍ ഇടയാകരുത്. സാമൂഹ്യ ജീവിതത്തെ സംബന്ധിച്ച ക്രൈസ്തവ വീക്ഷണം സഭ ധൈര്യപൂര്‍വ്വം ആനുകാലിക സംവാദങ്ങളില്‍ അവതരിപ്പിക്കണമെന്ന് മാര്‍പാപ്പ വ്യക്തമാക്കി. ഫലപ്രദമായ സുവിശേഷവല്‍ക്കരണത്തിനും വിശ്വാസ സമൂഹത്തിന്‍റെ രൂപീകരണത്തിനും ആരാധനാക്രമത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും തദവസരത്തില്‍ മാര്‍പാപ്പ പ്രതിപാദിച്ചു.

മൂന്നു ഘട്ടങ്ങളിലായാണ് ഫ്രഞ്ച് മെത്രാന്‍മാര്‍ വത്തിക്കാനില്‍ ആദ് ലിമിന അപ്പസ്തലോരും സന്ദര്‍ശനം നടത്തുന്നത്. സെപ്തംബര്‍ 20 മുതല്‍ 29 വരെ ആദ്യസംഘം സന്ദര്‍ശനം നടത്തി. നവംബര്‍ 12 ന് ആരംഭിച്ച രണ്ടാം സംഘത്തിന്‍റെ സന്ദര്‍ശനം നവംബര്‍ 22ന് സമാപിക്കും. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 3 വരെയാണ് മൂന്നാം സംഘം ആദ് ലിമിന അപ്പസ്തലോരും സന്ദര്‍ശനം നടത്തുന്നത്.








All the contents on this site are copyrighted ©.