2012-11-17 15:36:52

ആതുര ശുശ്രൂഷകര്‍ ‘സഹനത്തിന്‍റെ ക്രൈസ്തവ ശാസ്ത്രത്തില്‍’ അറിവു നേടണമെന്ന് മാര്‍പാപ്പ


17 നവംബര്‍ 2012, വത്തിക്കാന്‍
ആതുര സേവനരംഗത്ത് ശുശ്രൂഷചെയ്യുന്നവര്‍ ‘സഹനത്തിന്‍റെ ക്രൈസ്തവ ശാസ്ത്രത്തില്‍’ വൈദഗ്ദ്യം നേടണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച 27ാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് അനുവദിച്ച പ്രത്യേക കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. യൂറോപ്പിലെ കത്തോലിക്കാ ഡോക്ടര്‍മാരുടെ സമിതിയിലെ അംഗങ്ങളും, ആതുര സേവന രംഗത്ത് സന്നദ്ധസേവനം ചെയ്യുന്ന ഇറ്റാലിയന്‍ സംഘടനകളുടെ പ്രതിനിധികളുമടക്കം ഏകദേശം മൂവായിരത്തോളം പേര്‍ കൂടിക്കാഴ്ച്ചയില്‍ സന്നിഹിതരായിരുന്നു.
‘സഹനത്തിന്‍റെ ക്രൈസ്തവ ശാസ്ത്രത്തിന്‍റെ’ ഭാഗമായ കരുണ, സാഹോദര്യം, പങ്കുവയ്പ്പ്, ത്യാഗം, നിസ്വാര്‍ത്ഥത, സൗജന്യം, സ്വയംസമര്‍പ്പണം തുടങ്ങിയ പദപ്രയോഗങ്ങള്‍ക്ക് ആരോഗ്യപരിപാലന രംഗത്ത് സാര്‍വ്വത്രിക പ്രാധാന്യം ഉണ്ടാകണമെന്ന് മാര്‍പാപ്പ തവസരത്തില്‍ വിശദീകരിച്ചു. ചുരുക്കം ചിലര്‍ക്കു മാത്രം പ്രാപ്യമാകുന്ന വാണിജ്യ മേഖലയായി ആതുരസേവനരംഗം തരം താഴരുത്. എല്ലാവരുടേയും ആരോഗ്യം കാത്തുപാലിക്കുന്ന പൊതുക്ഷേമ പ്രവര്‍ത്തനമായിരിക്കണമതെന്ന് പാപ്പ പ്രസ്താവിച്ചു.

ചികിത്സാരംഗത്തെ സാങ്കേതിക വളര്‍ച്ച രോഗവിമുക്തി എളുപ്പമാക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും, വേദനിക്കുന്ന വ്യക്തിയെ പൂര്‍ണ്ണമായും മനസിലാക്കാനും സഹാനുഭാവത്തോടെ പരിചരിക്കാനുമുള്ള ആതുര ശുശ്രൂഷകരുടെ കഴിവ് കുറഞ്ഞുവരുകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ആതുരസേവനരംഗത്ത് ശുശ്രൂഷചെയ്യുന്നവര്‍ രോഗീപരിചരണം ശാരീരികവും ആത്മീയവുമായ ഒരു ദൗത്യമായി ഏറ്റെടുക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ഈ ദൗത്യ നിര്‍വ്വഹണത്തിന് വിദഗ്ദ പഠനവും അനുഭവപരിചയവും ആര്‍ദ്ര ഹൃദയവും അനിവാര്യമാണ്.
രോഗികളുടെ നിശബ്ദമായ സാക്ഷൃം സുവിശേഷവല്‍ക്കരണത്തിന്‍റെ ഫലപ്രദമായ ഒരു ഉപകരണമാണെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.
‘ആശുപത്രികള്‍ സുവിശേഷവല്‍ക്കരണ വേദികള്‍ - ശാരീരികവും ആത്മീയവുമായ ശുശ്രൂഷാമേഖല’ എന്ന വിഷയത്തെ ആസ്പദമാക്കി നവംബര്‍ 15ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ ആരംഭിച്ച സമ്മേളനം നവംബര്‍ 17ാം തിയതി ശനിയാഴ്ച സമാപിച്ചു.









All the contents on this site are copyrighted ©.