2012-11-16 20:02:21

സഭൈക്യ സംരംഭം സുവിശേഷപ്രചാരണത്തിന്
അനിവാര്യമെന്ന് പാപ്പ ബനഡിക്ട്


15 നവംമ്പര്‍ 2012, വത്തിക്കാന്‍
ലോകത്തു കാണുന്ന ശിഥിലീകരണ സ്വഭാവത്തിനു വിരുദ്ധമായുള്ള ദൈവിക ഐക്യത്തിന്‍റെ ഭാവമാണ് സഭൈക്യ പ്രസ്ഥാനവും പരിശ്രമവുമെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ നവംമ്പര്‍ 15-ാം തിയതി രാവിലെ വത്തിക്കാനില്‍ അഭിസംബോധന ചെയ്തുകൊണ്ടു നല്കിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.

വിവിധ ക്രൈസ്തവ സഭകള്‍ തമ്മില്‍ ലോകത്ത് യാഥാര്‍ഥ്യമാകേണ്ട ഐക്യം ഇനിയും വിദൂര സ്വപ്നമാണെങ്കിലും ഐക്യത്തിനായുള്ള പരിശ്രമം വിശ്വാസത്തിന് ആധാരവും സുവിശേഷ പ്രചാരണത്തിന് അനിവാര്യമായ വ്യവസ്ഥിതിയുമാണെന്നും, ക്രൈസ്തവര്‍ക്കിടയിലുള്ള ഭിന്നിപ്പുകള്‍ അകറ്റുവാന്‍ തുടര്‍ന്നും പരിശ്രമിക്കേണ്ടത് നവസുവിശേഷവത്ക്കരണ പദ്ധതിയുടെ ഭാഗമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. സഭയുടെ നവമായ സുവിശേഷപ്രചാരണ ദൗത്യം പൂര്‍ത്തിയാകണമെങ്കില്‍ സഭകളുടെ ഐക്യം യാഥാര്‍ത്ഥ്യമാകുകയും, ക്രൈസ്തവര്‍ ഒന്നായി ദൈവരാജ്യത്തിന് സാക്ഷൃമേകുകയും വേണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

“ലോകം വിശ്വസിക്കേണ്ടതിന് നിങ്ങള്‍ ഒന്നായിരിക്കുവിന്‍,” എന്ന വിശുദ്ധ യോഹന്നാന്‍റെ വാക്കുകള്‍ (യോഹ. 17, 21) പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.സുവിശേഷപ്രചരണവും സഭൈക്യ സംരംഭവും തമ്മില്‍ അങ്ങനെ ആഴമായ ബന്ധമുണ്ടെന്ന തിരിച്ചറിവു ലഭിച്ചത് ജൂബിലി ആഘോഷിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ഉള്‍ക്കാഴ്ചയായിരുന്നുവെന്നും പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.










All the contents on this site are copyrighted ©.