2012-11-16 18:01:06

ആയുധങ്ങളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍
ന്യായീകരിക്കാന്‍ ആവാത്തതെന്ന് വത്തിക്കാന്‍


16 നവംമ്പര്‍ 2012, ജനീവ
വന്‍ സ്ഫോടന ശേഷിയുള്ളതും മാരകവുമായ വെടിക്കോപ്പുകള്‍ ജനസാന്ദ്രതയുള്ള നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കുമെതിരെ ഉപയോഗിക്കരുതെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ വക്താവ്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. മാരകമായ യുദ്ധസാമഗ്രികളുടെയും വെടിക്കോപ്പുകളുടെയും ഉപയോഗത്തെ ക്കുറിച്ചു പഠിക്കുവാന്‍ നവംമ്പര്‍
15-ാം തിയതി ജനീവയില്‍ സമ്മേളിച്ച രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയത്.

യുദ്ധത്തില്‍ കക്ഷിചേരുന്ന രാഷ്ട്രങ്ങള്‍ ഉപയോഗിക്കുന്ന വെടിക്കോപ്പുകള്‍ക്കും മാരകായുധങ്ങള്‍ക്കും അന്താരാഷ്ട്ര നിയന്ത്രണവും നിയമക്രമങ്ങളും ഉണ്ടെന്നും, ഏതു വിധത്തിലുള്ള വെടിക്കോപ്പും അന്താരാഷ്ട്ര സമൂഹത്തിന് സ്വീകാര്യമാണെന്ന ചിന്ത മിഥ്യയാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി. വന്‍ സ്ഫോടനശേഷിയുള്ള വെടിക്കോപ്പുകള്‍ ജനനിബിഡമായ സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് ഭീകരമാണെന്നും, അത് ആയിരക്കണക്കിന് നിര്‍ദ്ദോഷികളെ വകവരുത്തുന്നതു കൂടാതെ, കണക്കില്ലാത്ത സാമൂഹ്യ-സാമ്പത്തിക നഷ്ടങ്ങളും വരുത്തിവയ്ക്കുന്നുണ്ടെന്നും വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി.

ഈ ആയുധങ്ങള്‍ സാധാരണ ജനങ്ങളില്‍, വിശിഷ്യാ സ്ത്രീകളിലും കുഞ്ഞുങ്ങളിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി തന്‍റെ പ്രബന്ധത്തില്‍ പ്രസ്താവിച്ചു.










All the contents on this site are copyrighted ©.