2012-11-14 19:09:54

യുവജനങ്ങള്‍ സമാധാനത്തിന്‍റെ പ്രായോക്താക്കള്‍
യുദ്ധമില്ലാത്ത അവസ്ഥയല്ല സമാധാനം


14 നവംമ്പര്‍ 2012, വത്തിക്കാന്‍
നവമായ സമാധാന സംസ്ക്കാരം ലോകത്ത് വിരിയിക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കുമെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍ പ്രസ്താവിച്ചു. ഭാരതത്തില്‍ ഈ ദിവസങ്ങളിള്‍ ആഘോഷിക്കപ്പെടുന്ന ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് വത്തിക്കാന്‍റെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ സന്ദേശത്തിലാണ്, കര്‍ദ്ദിനാള്‍ താവ്റാന്‍ യുവാക്കളെ പ്രത്യേകമായി സമാധാനത്തിന്‍റെ പ്രായോക്താക്കളായി അഭിസംബോധന ചെയ്തത്.

ഇന്ത്യയുടെ മത-സംസ്ക്കാരിക-ഭാഷാ വൈവിദ്ധ്യങ്ങള്‍ക്ക് അതീതമായി യുവജനങ്ങളെ സമാധാന ദൂതരും, സമാധാന സ്ഥാപനത്തിനുള്ള ഉപകരണങ്ങളുമാക്കി വളര്‍ത്തിയെടുക്കാനാവട്ടെയെന്ന്,
നന്മയുടെയും സ്നേഹത്തിന്‍റെയും മഹോത്സവമായ ദീപാവലിനാളില്‍ വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ താവ്റന്‍ ആശംസിച്ചു. ആദ്യമായി കുടുംബമാണ് യുവജനങ്ങള്‍ക്ക് സമാധാനത്തിന്‍റെ പിള്ളത്തൊട്ടില്‍ ആവേണ്ടതെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഒപ്പം സാമൂഹ്യ-രാഷ്ട്രീയ സംസ്കാരിക വേദികളും യുവജനങ്ങളുടെ സമാധാന ശിക്ഷണത്തില്‍ഉത്തരവാദിത്വ പൂര്‍ണ്ണമായ പങ്കുവിഹിച്ചാല്‍ സത്യത്തിലും നീതിയിലും അധിഷ്ഠിതമായ സമാധാന സംസ്കാരം ഭാരതത്തില്‍ രൂപപ്പെടുത്താനാകുമെന്ന് കര്‍ദ്ദിനാള്‍ താവ്റാന്‍ തന്‍റെ സന്ദേശത്തില് ഉദ്ബോധിപ്പിച്ചു.

യുദ്ധമില്ലാത്ത അവസ്ഥയല്ല സമാധാനമെന്നും, ഉടമ്പടിയിലൂടെ കൈവരിക്കാവുന്ന സന്തുലിതാവസ്ഥയുമല്ല അതെന്നും പ്രസ്താവിച്ച കര്‍ദ്ദിനാള്‍ താവ്റാന്‍, വ്യക്തികള്‍ ആര്‍ജ്ജിച്ചെടുക്കുന്ന ആന്തരിക പുണ്യമാണ് ശാശ്വത സമാധാനമെന്നും ദീപാവലി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഒരാഴ്ച നീണ്ടുനില്ക്കുന്ന ആഘോഷങ്ങളില്‍ കുടുംബങ്ങള്‍ ശുദ്ധിചെയ്ത്, അലങ്കാര വിളക്കുകള്‍ തെളിയിക്കുന്ന മഹോത്സവാണിത്. ദീപാവലി, ദീപാളി എന്നു ലോപിപ്പിച്ചും പറയുന്ന, വിളക്കുകളുടെ നിരനിരയായ ക്രമീകരണമെന്നാണ് ഇതിന്‍റെ ആക്ഷരാര്‍ത്ഥം. വ്യക്തി ജീവിതത്തിലേയ്ക്കും കുടുംബങ്ങലിലേയ്ക്കും നന്മയുടെ പ്രകാശത്തെ സ്വാഗതംചെയ്യുന്ന ദേശീയ മഹോത്സവാമാണ് ദീപാവലി.









All the contents on this site are copyrighted ©.