2012-11-13 16:10:18

സംസ്ക്കാരവും ചരിത്രവും വിശ്വാസവും കൂട്ടിയിണക്കുന്ന പ്രേഷിതദൗത്യം


13 നവംബര്‍ 2012, റോം
ക്രിസ്തുവിന്‍റെ രക്ഷാകര സന്ദേശവുമായി മനുഷ്യജീവിതത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ സംസ്ക്കാരവും ചരിത്രവും വിശ്വാസവും കൂട്ടിയിണക്കിയ പ്രേഷിതശുശ്രൂഷ അനിവാര്യമാണെന്ന് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോണി. നവംബര്‍ 12ാം തിയതി തിങ്കളാഴ്ച, ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കീഴിലുള്ള പൊന്തിഫിക്കല്‍ ഊര്‍ബന്‍ സര്‍വകലാശാലയുടെ അദ്ധ്യയനവര്‍ഷം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുവിശേഷവല്‍ക്കരണ പ്രക്രിയയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും മികച്ച പരിശീലനം നല്‍കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നിറവേറ്റുന്നതിനുള്ള അവസരമാണ് വിശ്വാസവര്‍ഷാചരണം. വിശ്വാസത്തില്‍ ജനിക്കുകയും ജീവിക്കുകയും വിശ്വാസത്തെപ്രതി മരിക്കാന്‍ സന്നദ്ധനാകുകയും ചെയ്യുന്ന വ്യക്തിയാണ് സുവിശേഷവല്‍ക്കരണത്തിന്‍റെ യഥാര്‍ത്ഥ പ്രേഷിതനെന്നും കര്‍ദിനാള്‍ ഫിലോണി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.