2012-11-12 16:14:27

വിശ്വാസം എന്നും നൂതനമാണെന്ന് ആര്‍ച്ചുബിഷപ്പ് മ്യുള്ളര്‍


12 നവംബര്‍ 2012, റോം
മനുഷ്യനെ ദൈവത്തിലേക്കാനയിക്കുകയും പ്രത്യാശപകരുകയും ചെയ്യുന്ന വിശ്വാസം എന്നും നൂതനമാണെന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജെറാര്‍ഡ് മ്യുള്ളര്‍. റോമില്‍ നടന്ന അഞ്ചാമത് ആഗോള അതിഭൗതികശാസ്ത്ര (metaphysics)സമ്മേളനത്തില്‍ നവംബര്‍ 10ാം തിയതി ശനിയാഴ്ച പ്രബന്ധാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവിക വെളിപാടിലൂടെ ദൈവത്തെക്കുറിച്ചറിയാന്‍ മനുഷ്യനു സാധ്യമാണെന്ന വസ്തുത നിഷേധിക്കപ്പെടുന്ന ഇക്കാലത്ത് വിശ്വാസം എന്നത്തേക്കാളുമുപരിയായി നൂതനമാണെന്ന് ആര്‍ച്ചുബിഷപ്പ് മ്യുള്ളര്‍ അഭിപ്രായപ്പെട്ടു. കപട ശാസ്ത്രീയ വാദങ്ങളുടെ പിന്‍ബലത്തോടെ നവീന – നിരീശ്വരവാദം പ്രചരിപ്പിക്കുന്ന ലോകവീക്ഷണത്തിന് നേര്‍വിപരീതമാണ് ശുഭാപ്തിവിശ്വാസം പകരുന്ന ക്രൈസ്തവ ദര്‍ശനം. എന്നത്തേയും പോലെ ഇന്നും മനുഷ്യാസ്തിത്വത്തെയും മാനുഷികാനുഭവങ്ങളുടെ ഉള്‍പ്പൊരുളിനെയും മരണാനന്തര യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുമെല്ലാം അറിയാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നുണ്ട്. ദൈവിക പ്രകാശത്തിന്‍റെ വെളിച്ചത്തില്‍ മാത്രമേ മനുഷ്യന് സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള തിരിച്ചറിവ് കരഗതമാകൂ. സത്യവും സമാധാനവും തേടിയുള്ള മനുഷ്യന്‍റെ അന്വേഷണവും ദൈവത്തില്‍ തന്നെയാണ് ചെന്നെത്തുകയെന്നും ആര്‍ച്ചുബിഷപ്പ് മ്യുള്ളര്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.