2012-11-12 16:33:40

വാര്‍ദ്ധക്യം മനോഹരമെന്ന് മാര്‍പാപ്പ


12 നവംബര്‍ 2012, റോം
വാര്‍ദ്ധക്യം മനോഹരമെന്ന് മാര്‍പാപ്പ. നവംബര്‍ 12ാം തിയതി തിങ്കളാഴ്ച, സാന്‍ എഡിജിയോ എന്ന അല്‍മായ സമൂഹം നടത്തുന്ന വൃദ്ധജന പരിപാലനകേന്ദ്രം (“Viva gli Anziani”) സന്ദര്‍ശിച്ച മാര്‍പാപ്പ തദവസരത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. ജീവിതത്തിന്‍റെ ഏതു ഘട്ടത്തിലുമെന്നപ്പോലെ വാര്‍ദ്ധക്യത്തിലും ദൈവിക സാന്നിദ്ധ്യവും സമൃദ്ധമായ ദൈവാനുഗ്രഹവും തിരിച്ചറിയാന്‍ സാധിക്കണമെന്ന് മാര്‍പാപ്പ വയോധികരെ ഉത്ബോധിപ്പിച്ചു. വാര്‍ദ്ധക്യ സഹജമായ പരിമിതികള്‍ മൂലമുള്ള സങ്കടത്തിനു പകരം ദൈവസ്നേഹം അനുഭവിച്ചറിയുന്നതിലുള്ള ആനന്ദം അവരുടെ മുഖത്തു പ്രതിഫലിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു.
സ്വന്തം ഭവനത്തില്‍ നിന്നകന്ന് ഏകാന്തതയില്‍ കഴിയേണ്ടിവരുന്ന വയോധികരായ അഗതികളുടേയും അശരണരുടേയും വേദനയ്ക്കു നാം സാക്ഷിയാണ്. വയോധികര്‍ക്ക് സ്വഭവനത്തില്‍ താമസിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കുടുംബവും പൊതുസ്ഥാപനങ്ങളും കൂടുതല്‍ പരിശ്രമിക്കണം. വയോധികരോട് ഫലപ്രദമായി ഇടപഴകാതെ യഥാര്‍ത്ഥ മാനവ വികസനമോ വിദ്യാഭ്യാസമോ നേടിയെടുക്കാന്‍ സാധിക്കില്ല. യുവതലമുറകള്‍ക്ക് ജീവിതത്തെ സംബന്ധിച്ച അമൂല്യമായ മാര്‍ഗ്ഗദര്‍ശനങ്ങള്‍ സ്വീകരിക്കാവുന്ന ഒരു തുറന്ന പുസ്തകമാണ് വയോധികരുടെ ജീവിതം.
മറ്റുള്ളവരുടെ സഹായം ആവശ്യമായിവരുന്ന അവസ്ഥയാണ് വാര്‍ദ്ധക്യമെന്നു പരാമര്‍ശിച്ച മാര്‍പാപ്പ ആരുടേയും സഹായം കൂടാതെ ഒറ്റയ്ക്കു ജീവിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. പരസ്പരം സഹായിച്ചും സഹായം സ്വീകരിച്ചും ജീവിക്കുന്ന ഒരു കുടുംബത്തിന്‍റെ സ്നേഹക്കൂട്ടായ്മയാണ് വൃദ്ധജന പരിപാലനകേന്ദ്രത്തിലെ അന്തേവാസികളില്‍ താന്‍ ദര്‍ശിക്കുന്നതെന്നും പാപ്പ പ്രസ്താവിച്ചു.
വിശ്വാസത്തോടും സ്ഥിരതയോടും കൂടി പ്രാര്‍ത്ഥിച്ചുകൊണ്ട് ദൈവത്തിന്‍റെ മദ്ധ്യസ്ഥരായി മാറണമെന്ന് മാര്‍പാപ്പ അവരെ ആഹ്വാനം ചെയ്തു. തങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ ലോകത്തെ സംരക്ഷിക്കാന്‍ വയോധികര്‍ക്കു സാധിക്കും. സഭയ്ക്കും ലോകസമാധാനത്തിനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ അവരോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.