2012-11-12 16:10:19

ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ഷിക പൊതുസമ്മേളനം


12 നവംബര്‍ 2012, വത്തിക്കാന്‍
ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ഷിക പൊതുസമ്മേളനം നവംബര്‍ 12ാം തിയതി തിങ്കളാഴ്ച റോമില്‍ ആരംഭിച്ചു. “നവസുവിശേഷവല്‍ക്കരണത്തില്‍ സഭൈക്യത്തിനുള്ള പ്രാധാന്യം” എന്ന വിഷയത്തെ കേന്ദ്രീകരിച്ചു നടക്കുന്ന പഞ്ചദിനസമ്മേളനം നവംബര്‍ 16ന് സമാപിക്കും. ഒക്ടോബര്‍ 7മുതല്‍ 27വരെ വത്തിക്കാനില്‍ നടന്ന സിനഡുസമ്മേളനത്തിന്‍റെ ചിന്താവിഷയത്തോടു ബന്ധപ്പെട്ട വിഷയമാണിത്. മെത്രാന്‍മാരുടെ സിനഡിന്‍റെ പതിമൂന്നാമത് സാധാരണ പൊതുസമ്മേളനത്തിന്‍റെ പ്രമേയം “നവസുവിശേഷവല്‍ക്കരണം ക്രൈസ്തവ വിശ്വാസപ്രചരണത്തിന്” എന്നതായിരുന്നു. സമകാലീന സമൂഹത്തില്‍ സുവിശേഷത്തിനു സാക്ഷൃം നല്‍കുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ എല്ലാ ക്രൈസ്തവരുടേയും കൂട്ടായ സഹകരണം കൂടിയേത്തീരുവെന്ന് വാര്‍ഷിക പൊതുസമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നവരോട് മാര്‍പാപ്പ ഒരു കൂടിക്കാഴ്ച്ച നടത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.