2012-11-12 16:23:14

കേരളത്തില്‍ യുവജന വിശ്വാസ വര്‍ഷാചരണത്തിനു തിരിതെളിഞ്ഞു


12 നവംബര്‍ 2012, കൊച്ചി
സാര്‍വ്വത്രിക സഭയുടെ വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി കേരളത്തിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ (കെ. സി. ബി. സി) യുവജന കമ്മീഷന്‍ യുവജന വിശ്വാസവര്‍ഷാചരണം ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്തില്‍ വിശ്വാസാധിഷ്ഠിതമായ ജീവിതത്തിലൂടെ‍ സമൂഹത്തിന്‍റെ ധാര്‍മികമായ ഉന്നമനത്തിന് നേതൃത്വം നല്‍കാന്‍ യുവജനങ്ങള്‍ മുന്നോട്ടുവരണം. അതിനുള്ള മികച്ച അവസരമാണ് വിശ്വാസവര്‍ഷാചരണമെന്ന് യുവജന വിശ്വാസവര്‍ഷം ഉദ്ഘാടനം ചെയ്ത കെ. സി. ബി. സി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. ഏതുമേഖലയിലേക്കും കടന്നു ചെല്ലാനുള്ള ഊര്‍ജ്ജവും കഴിവും യുവജനങ്ങള്‍ക്കുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും പ്രയോജനകരവും പ്രചോദനനകരവുമായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ യുവജനങ്ങള്‍ പരിശ്രമിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.
കേരള കത്തോലിക്ക സഭയിലെ 30 രൂപതകളില്‍ നിന്നുള്ള യുവജന പ്രതിനിധികള്‍ പങ്കെടുത്ത യുവജന നേതൃ സംഗമത്തിനിടയിലാണ് വിശ്വാസ വര്‍ഷാചരണത്തിന്‍റെ ഉദ്ഘാടനം നടന്നത്.

കെ. സി. ബി. സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. സ്റ്റീഫന്‍ ആലത്തറ, കെ. സി. ബി. സി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയ്‌സണ്‍ കൊള്ളന്നൂര്‍, കെ. സി. ബി. സി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കോട്ടയില്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സോണി പവേലില്‍ എന്നിവര്‍ യുവജന വിശ്വാസ വര്‍ഷാചരണത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സന്ദേശം നല്‍കി.
യുവജന വിശ്വാസവര്‍ഷത്തിന്‍റെ ഔദ്യോഗിക പേരും ലോഗോയും വെബ്‌സൈറ്റും (www. kcbcyuva. com) കെ. സി. ബി. സി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ പ്രകാശനം ചെയ്തു. വിശ്വാസവര്‍ഷാചരണത്തിലെ കര്‍മ്മപരിപാടികളും ഉദ്ഘാടനചടങ്ങില്‍ പ്രഖ്യാപിച്ചു. ‘യുവജനം - ഉത്ഥിതനായ ക്രിസ്തുവിന്‍റെ ജീവിക്കുന്ന അടയാളങ്ങള്‍' എന്ന പഠന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഒരു വര്‍ഷത്തെ പദ്ധതികള്‍ സംസ്ഥാന, രൂപത, ഫൊറോന, ഇടവക തലങ്ങളില്‍ സംഘടിപ്പിക്കുന്നത്. 2013 നവംബര്‍ 13ന് കൊച്ചിയില്‍ നടക്കുന്ന അഖിലകേരള കത്തോലിക്ക യുവജന സംഗമത്തോടെയാണ് യുവജന വിശ്വാസവര്‍ഷാചരണം അവസാനിക്കുക.








All the contents on this site are copyrighted ©.