2012-11-08 08:55:26

പാത്രിയര്‍ക്കിസ് മാക്സിം അന്തരിച്ചു
പാപ്പ അനുശോചിച്ചു


7 നവംമ്പര്‍ 2012, വത്തിക്കാന്‍
ബള്‍ഗേറിയായിലെ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ്, മാക്സിമിന്‍റെ നിര്യാണത്തില്‍ ബനഡിക്ട്
16-ാമന്‍ പാപ്പ അനുശോചിച്ചു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ഹൃദയാഘാതം മൂലം നവംമ്പര്‍
6-ാം തിയതി ചൊവ്വാഴ്ച ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയിലാണ് ഓര്‍ത്തഡോക്സ് ക്രൈസ്തവ സമൂഹത്തിന്‍റെ പരമാദ്ധ്യക്ഷന്‍ പരി. മാക്സിം മരണമടഞ്ഞത്.

40 വര്‍ഷക്കാലം സഭയെ നയിച്ച പാത്രിയര്‍ക്കിസ് മാക്സിമിന്‍റെ ദേഹവിയോഗത്തില്‍ പാപ്പ അതിയായ ദുഃഖം രേഖപ്പെടുത്തി. സഭയുടെ താല്ക്കാലിക പ്രസിഡന്‍റ് ഗ്രഗരി വേലികോ ത്രിണവേയ്ക്ക് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലൂടെയാണ് പ്രാര്‍ത്ഥനാപൂര്‍വ്വകമായ അനുശോചനം പാപ്പ അറിയിച്ചത്.

ആഗോളസഭയോടും വത്തിക്കാനോടും പാത്രിയര്‍ക്കിസ് മാക്സിം കാണിച്ചിട്ടുള്ള സഹോദരബന്ധത്തെ പാപ്പ ശ്ലാഘിച്ചു. 2002-ാമാണ്ടില്‍ തന്‍റെ മുന്‍ഗാമി വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍റെ ബള്‍ഗേറിയ സന്ദര്‍ശനത്തില്‍ പാത്രിയര്‍ക്കിസ് മാക്സിം പ്രകടിപ്പിച്ച ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സാന്നിദ്ധ്യവും സഹകരണവും പാപ്പ നന്ദിയോടെ സന്ദേശത്തില്‍ എടുത്തുപറഞ്ഞു.

1971-ല്‍ തിരിഞ്ഞെടുപ്പിലൂടെ ബള്‍ഗേറിയിലെ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷനായി സ്ഥാനാരോപിതനായ പാത്രിയര്‍ക്കിസ് മാക്സിം, സോഫിയായിലെ മെത്രാപ്പോലീത്ത, ലോവെക്കിലെ മെത്രാപ്പോലീത്തന്‍ എന്നീ തസ്തികകളിലും സേവനം ചെയ്തിട്ടുണ്ട്.

സോഫിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദമെടുത്തിട്ടുള്ള പാത്രിയര്‍ക്കിസ്, ബള്‍ഗേറിയായിലെ ത്രോയാന്‍ സന്ന്യാസ സമൂഹാംഗമാണ്. കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ കനത്തനുകം പേറിയിട്ടുള്ള പാത്രിയര്‍ക്കിസ് മാക്സിം തന്‍റെതന്നെ സഭയിലെ വിമത വിഭാഗമായ ആള്‍ട്ടര്‍നേറ്റീവ് സിനഡിനെയും നിരന്തരമായി അഭിമുഖീകരിച്ചുകൊണ്ടാണ് നീണ്ടനാള്‍ സഭാഭരണം നടത്തിയിട്ടുള്ളത്.









All the contents on this site are copyrighted ©.