2012-11-07 20:26:42

ആരാധനക്രമത്തിന്‍റെ ഏകീകരണം
അനിവാര്യമെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ


7 നവംമ്പര്‍ 2012, വത്തിക്കാന്‍
ആരാധനക്രമത്തില്‍ പ്രകടമാകേണ്ട ഐക്യം വിശ്വാസ ജീവിതത്തിലുള്ള ഐക്യമാണെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു. ‘സഭയുടെ പ്രബോധനാധികാരം’ summorum pontificum എന്ന ശീര്‍ഷകത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പാ 2007-ല്‍ പുറപ്പെടുവിച്ച motu proprio സ്വാധികാര പ്രബോധനത്തിന്‍റെ 5-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടു നല്കിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്. വത്തിക്കാന്‍ സൂനഹദോസിനു മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന Tridentine കുര്‍ബ്ബാന ഉപയോഗിക്കുന്നതിനുള്ള അനുവാദം എല്ലാ വൈദികര്‍ക്കും നല്കിക്കൊണ്ടും, ആരാധനക്രമത്തില്‍ വിശിഷ്യാ, പരിശുദ്ധ കര്‍ബ്ബാനയുടെ അര്‍പ്പണത്തില്‍ നിലനിര്‍ത്തേണ്ട അച്ചടക്കത്തെയും ഐക്യത്തെയും എടുത്തു പറയുന്നതുമായ പാപ്പായുടെ ഈ പ്രബോധനം ഇന്നും പ്രസക്തമാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ദൈവമക്കളുടെ വിശ്വാസ ജീവിതത്തിലൂടെയും പ്രാര്‍ത്ഥനാ പാരമ്പര്യത്തിലൂടെയും നൂറ്റാണ്ടുകളായി സഭയില്‍ വളര്‍ന്നു വന്നിട്ടുള്ള ആരാധനക്രമത്തിന്‍റെ ഐക്യം നിലനിര്‍ത്തുവാനും, അതിന്‍റെ വിശുദ്ധിയും മൂല്യവും പരിരക്ഷിക്കുവാനും നവസുവിശേഷവത്ക്കരണ പദ്ധതിയിലൂടെ പരിശ്രമിക്കണമെന്നും, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.










All the contents on this site are copyrighted ©.