2012-11-06 16:10:55

സിറിയയെ നാശത്തില്‍ നിന്നു രക്ഷിക്കാന്‍ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും അടിയന്തരം: ആര്‍ച്ചുബിഷപ്പ് മത്താ


06 നവംബര്‍ 2012, ഡമാസ്ക്കസ്
സിറിയയില്‍ അരങ്ങേറുന്ന നശീകരണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗോള സമൂഹത്തിന്‍റെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും അടിയന്തരമാണെന്ന് ജസീറ – യൂഫ്രട്ടീസ് സീറോ ഓര്‍ത്തഡോക്സ് അതിരൂപതാധ്യക്ഷന്‍ എവുസ്താതിയൂസ് മത്താ. സിറിയയില്‍ സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തില്‍ ഫീദെസ് വാര്‍ത്താ ഏജന്‍സിക്കയച്ച സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് ഇപ്രകാരം അഭ്യര്‍ത്ഥിച്ചത്. കിഴക്കന്‍ സിറിയയില്‍ ആക്രമണം രൂക്ഷമായതോടുകൂടി അനേകം ക്രൈസ്തവര്‍ മറ്റുസ്ഥലങ്ങളിലേക്ക് പലായനം ചെയ്തെന്ന് ആര്‍ച്ചുബിഷപ്പ് വെളിപ്പെടുത്തി.

അതിനിടെ, സിറിയയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിന് ജനീവാ ഉടമ്പടി അടിസ്ഥാനമാക്കി ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ പ്രമേയം പാസാക്കണമെന്ന് അന്താരാഷ്ട്രസമാധാന ദൂതന്‍ ലഖ്താര്‍ ബ്രാഹിമി ആവശ്യപ്പെട്ടു. മുന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്താരാഷ്ട്ര സമാധാന ദൂതനായിരുന്ന കാലത്താണ് ജനീവാ ഉടമ്പടി കൊണ്ടുവന്നത്. രക്തരൂഷിത ആക്രമണം അവസാനിപ്പിക്കാനായി സിറിയയില്‍ ഇടക്കാല സര്‍ക്കാര്‍കൊണ്ടുവരണമെന്നതായിരുന്നു ജൂണില്‍ ഉണ്ടാക്കിയ ജനീവ ഉടമ്പടിയിലെ പ്രധാന നിര്‍ദേശം. പ്രമേയത്തിന്റെ കാര്യത്തില്‍ അഭിപ്രായൈക്യം ഉണ്ടാക്കുന്നതിന് ചര്‍ച്ചകള്‍ തുടരണമെന്ന് രക്ഷാസമിതിയിലെ അംഗങ്ങളോട് ബ്രാഹിമി അഭ്യര്‍ത്ഥിച്ചു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരേ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച മൂന്നുപ്രമേയങ്ങളും റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു

അതേസമയം, സിറിയയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ദേശീയ സൈന്യം നടത്തുന്ന ശക്തമായ വ്യോമാക്രമണവും വിമതര്‍ നടത്തുന്ന സ്ഫോടനപരമ്പരയും, ആക്രമണവും പ്രത്യാക്രമണവുമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
അതിനിടെ, ഒറ്റപ്പെട്ടു നില്‍ക്കുന്ന വിമതരുടെ ഏകോപനം ലക്ഷൃമിട്ട് സിറിയന്‍ പ്രതിപക്ഷനേതാക്കളുടെ ഐക്യ സമ്മേളനം ദോഹയില്‍ നടന്നു.








All the contents on this site are copyrighted ©.