2012-11-05 15:51:21

സേവനമനോഭാവം വളര്‍ത്തുന്ന തൊഴില്‍ സംസ്ക്കാരം


05 നവംബര്‍ 2012, റോം
സേവനമനോഭാവം തൊഴില്‍ സംസ്ക്കാരത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്ട്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ. ഉല്‍പാദനത്തിനുള്ള ഒരു മാര്‍ഗ്ഗം മാത്രമായി തൊഴിലിനെ കണക്കാക്കരുത്, ക്രൈസ്തവ വീക്ഷണപ്രകാരം ദൈവിക നിയോഗ നിര്‍വ്വഹണം കൂടിയാണ് തൊഴിലെന്ന് കര്‍ദിനാള്‍ ബെര്‍ത്തോണെ പ്രസ്താവിച്ചു. ഇന്‍സിയെമ്മെ (Insieme) എന്ന ഇറ്റാലിയന്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ‘ധാര്‍മ്മികത, സാമ്പത്തികം, സമൂഹം’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടന്ന ദേശീയ ശില്‍പശാലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍ ബര്‍ത്തോണെ. മനുഷ്യകേന്ദ്രീകൃതമായ സാമ്പത്തിക രംഗമാണ് സമൂഹത്തിനാവശ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തോടൊപ്പം ധാര്‍മ്മിക മൂല്യച്യുതിയും ഇന്ന് ലോകം നേരിടുന്നുണ്ട്. അതിനാല്‍ നൂതന സാമ്പത്തിക സംരംഭങ്ങള്‍ക്ക് രൂപം നല്‍കുന്നതോടൊപ്പം സമൂഹത്തിന്‍റെ ധാര്‍മ്മിക അടിത്തറ ഭദ്രമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍, ശാരീരിക വൈകല്യമുള്ളവര്‍ എന്നിങ്ങനെ എല്ലാവരുടേയും തൊഴിലവകാശങ്ങള്‍ ആദരിക്കുന്ന തൊഴില്‍ സംസ്ക്കാരമാണ് വളര്‍ത്തിയെടുക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു.







All the contents on this site are copyrighted ©.