2012-11-01 19:58:04

ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന ക്രിസ്തു
സുവിശേഷപ്രചാരണത്തിന് ആധാരം


1 നവംമ്പര്‍ 2012, റോം
ക്രൈസ്തവ വിശ്വാസത്തിന്‍റെ സമൃദ്ധി തേടുന്ന സമയമാണ് വിശ്വാസവത്സരമെന്ന്, ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.
നവംമ്പര്‍ 1-ാം തിയതി വ്യാഴാഴ്ച, റോമില്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇപ്രകാരം പ്രസ്താവിച്ചത്. ക്രിസ്ത്യാനി ആയി ജീവിക്കുന്നതിലുള്ള സന്തോഷവും മഹത്വവും മനസ്സിലാക്കുവാനും, മനസ്സിലാക്കി കൊടുക്കുവാനുമുള്ള പദ്ധതിയാണ് വിശ്വാസവത്സരത്തിലൂടെ മുബൈ അതിരൂപതിയില്‍ താന്‍ ആഗ്രഹിക്കുന്നതെന്ന്, സിനഡു സമ്മേളനത്തിനായി വത്തിക്കാനിലെത്തിയ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭിമുഖത്തില്‍ പങ്കുവച്ചു.

വ്യക്തി ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ക്രിസ്തുവിന് സാധിക്കുമെന്നും, അതിനാല്‍ ക്രിസ്തുവിന്‍റെ സുവിശേഷവും മൂല്യങ്ങളും എന്‍റെ ജീവിതത്തില്‍നിന്നും സമൂഹത്തിലേയ്ക്കും, ലോകത്തിലേയ്ക്കും പ്രസരിക്കുവാനും പ്രചരിപ്പിക്കുവാനും പരിശ്രമിക്കുന്നതാണ് നവസുവിശേഷവത്ക്കരണ പദ്ധതിയുടെ പ്രധാന ലക്ഷൃമാണെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

വിശ്വാസവത്സരം നവമായ സുവിശേഷത്തിന്‍റെ തുടക്കം മാത്രമാണെന്നും അതിന്‍റെ ആഴാമായ യാഥാര്‍ത്ഥ്യങ്ങളേയ്ക്ക് കൂടുതല്‍ കടക്കാന്‍ ഈ വര്‍ഷാചരണം വഴിയൊരുക്കുമെന്നും ഏഷ്യയിലെ കത്തോലിക്കാ മെത്രന്മാരുടെ ഫെഡറേഷന്‍റെ പ്രതിനിധിയായി സിനഡില്‍ പങ്കെടുത്ത കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.










All the contents on this site are copyrighted ©.