2012-10-31 19:24:09

സാമൂഹ്യ സുസ്ഥിതിക്ക് മതസൗഹാര്‍ദ്ദം
ഉരുവംകൊള്ളണമെന്ന് നിയുക്ത കര്‍ദ്ദിനാള്‍


31 ഒക്ടോബര്‍ 2012, തിരുവനന്തപുരം
സാമൂഹ്യ സുസ്ഥിതിക്ക് ജനങ്ങളില്‍ ഇനിയും മതസൗഹാര്‍ദ്ദം ഉരുവംകൊള്ളണമെന്ന്, നിയുക്ത കര്‍ദ്ദാനാള്‍, ബസീലിയോസ് മാര്‍ ക്ലീമിസ് ബാവാ പ്രസ്താവിച്ചു.

വത്തിക്കാനില്‍ ചേര്‍ന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തില്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം, ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് തിരുവനന്തപുരം മലങ്കര അതിതൂപതയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കൂടിയായ മാര്‍ ക്ലീമിസ് ഇപ്രകാരം പ്രസ്താവിച്ചത്.

മതസ്വാതന്ത്ര്യത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ്, ഭാരതത്തിലെ ഹൈന്ദവ സഹോദരങ്ങളുടെ മതസഹിഷ്ണുതയെ മാര്‍ ക്ലീമിസ് പുകഴ്ത്തി സംസാരിച്ചത്.

വെറും 2.5 ശതമാനം മാത്രം വരുന്ന ന്യൂനപക്ഷമായ ക്രൈസ്തവര്‍ ഭാരതത്തില്‍ സഭയായി വളര്‍ന്നതും ഉയര്‍ന്നു നില്ക്കുന്നതും, ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സഹോദരങ്ങളുടെ സൗഹൃദത്തിന്‍റെയും സഹിഷ്ണുതയുടെയും നലയ്ക്കാത്ത മനോഭാവം തെളിയിക്കുന്നുവെന്ന് മാര്‍ ക്ലീമിസ് പ്രസ്താവിച്ചു.

വത്തിക്കാനില്‍ ചേര്‍ന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തില്‍ പങ്കെടുക്കവേ, ഒക്ടോബര്‍ 24-ാം തിയതിയാണ് മാര്‍ ക്ലീമിസ്സിനും, സഭയിലെ മറ്റ് അഞ്ചു പേര്‍ക്കും കര്‍ദ്ദിനാള്‍ പദവി നല്കിക്കൊണ്ടുള്ള പാപ്പായുടെ പ്രഖ്യാപനം ഉണ്ടായത്. നവംമ്പര്‍ 24-ാം തിയതി പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍വച്ചു നടത്തപ്പെടുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സമ്മേളനത്തില്‍, കണ്‍സിസ്റ്ററിയില്‍വച്ചായിരിക്കും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് പാപ്പ ഉയര്‍ത്തുന്നത്.









All the contents on this site are copyrighted ©.