2012-10-30 16:22:36

പുരോഗമനവാദികളുടേയും പാരമ്പര്യവാദികളുടേയും വികലതകള്‍ സമാനം: കര്‍ദിനാള്‍ കോക്ക്


30 ഒക്ടോബര്‍ 2012, റോം
രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനെ സംബന്ധിച്ച് അതിരുകടന്ന പുരോഗമനവാദവും പാരമ്പര്യവാദവും ഒരുപോലെ വികലമാണെന്ന് സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ കുര്‍ത്ത് കോക്ക്. നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച സിനഡു സമ്മേളത്തിനു ശേഷം സെനിത്ത് വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് കര്‍ദിനാള്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. സഭാപാരമ്പര്യങ്ങള്‍ തച്ചുടയ്‍ക്കുന്നതോ, ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാതെ പാരമ്പര്യങ്ങള്‍ കര്‍ക്കശമായി തുടരുന്നതോ അല്ല രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് നിര്‍ദേശിച്ച നവീകരണം. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പ്രബോധനങ്ങളുടെ വികലമായ വ്യാഖ്യാനങ്ങളാണ് ഈ കാഴ്ച്ചപ്പാടുകള്‍ക്കു പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പ്രബോധനങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കാനാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിരന്തരം ആഹ്വാനം ചെയ്യുന്നതെന്നും കര്‍ദിനാള്‍ കുര്‍ത്ത് കോക്ക് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.