2012-10-30 16:23:25

ക്രൊയേഷ്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു


30 ഒക്ടോബര്‍ 2012, വത്തിക്കാന്‍
ക്രൊയേഷ്യന്‍ പ്രധാനമന്ത്രി സൊറാന്‍ മിലാനോവിച്ച് ബ‍െനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഒക്ടോബര്‍ 29ാാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചാണ് മാര്‍പാപ്പ സൊറാന്‍ മിലാനോവിച്ചുമായി കൂടിക്കാഴ്ച്ച നടത്തിയത്.
തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെംമ്പേര്‍ത്തി എന്നിവരുമായും ക്രൊയേഷ്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
സാമ്പത്തിക മാന്ദ്യം മൂലം ക്രൊയേഷ്യ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ക്രൊയേഷ്യയും പരിശുദ്ധസിംഹാസനവും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന്‍റെ 20ാം വാര്‍ഷികാഘോഷങ്ങളെക്കുറിച്ചും തദവസരത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ക്രൊയേഷ്യയിലെ ഡാജ്ലയില്‍ ഒരിടവക സ്വത്തിനെ സംബന്ധിച്ചു നടക്കുന്ന കേസ്, ക്രൊയേഷ്യയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള സൗഹൃദബന്ധത്തിന് അനുയോജ്യമായ വിധത്തില്‍ എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് ഇരുക്കൂട്ടരും പ്രത്യാശ പ്രകടിപ്പിച്ചു. പൂര്‍ണ്ണമായും യൂറോപ്പിന്‍റെ ഭാഗമാകാന്‍ ക്രൊയേഷ്യ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചും ബോസ്നിയ ഹെര്‍സെഗോവിന എന്നിവിടങ്ങളിലെ ക്രൊയേഷ്യന്‍ പ്രവാസികളുടെ അവസ്ഥയെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു.








All the contents on this site are copyrighted ©.