2012-10-30 16:22:47

ഇറാക്കി പത്രപ്രവര്‍ത്തകര്‍ വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തില്‍


30 ഒക്ടോബര്‍ 2012, വത്തിക്കാന്‍
ഇറാക്കില്‍ നിന്നുള്ള ഒരുസംഘം പത്രപ്രവര്‍ത്തകര്‍ വത്തിക്കാനിലെ വാര്‍ത്താകാര്യാലയം സന്ദര്‍ശിച്ചു. ഇറാക്കിന്‍റേയും ഇറ്റലിയുടേയും ഒരു സംയുക്ത പത്രപ്രവര്‍ത്തന പരിശീലന പരിപാടിയുടെ ഭാഗമായാണ് ഇറാക്കിലെ 16 വാര്‍ത്താ ഏജന്‍സികളെ പ്രതിനിധീകരിച്ച് 20 മാധ്യമപ്രവര്‍ത്തകര്‍ റോമിലെത്തിയത്. 29ാം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ വാര്‍ത്താകാര്യാലയം സന്ദര്‍ശിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവി ഫാ.ഫെദറിക്കോ ലൊംബാര്‍ദി എസ്.ജെ. സ്വാഗതം ചെയ്തു. വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ച ഫാ.ലൊംബാര്‍ദി മധ്യപൂര്‍വ്വദേശത്ത് ന്യൂനപക്ഷമായ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും മധ്യപൂര്‍വ്വദേശത്തിനു വേണ്ടിയുള്ള വത്തിക്കാന്‍റെ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചും തദവസരത്തില്‍ പരാമര്‍ശിച്ചു.
വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താല്‍പര്യപൂര്‍വ്വം ശ്രവിച്ച പത്രപ്രവര്‍ത്തകര്‍ വത്തിക്കാന്‍ വക്താവും വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവിയുമായ ഫാ.ഫെദറിക്കോ ലൊംബാര്‍ദിയോട് തങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു. മാര്‍പാപ്പയുടെ പ്രതിവാര പൊതുക്കൂടിക്കാഴ്ച്ചാ പ്രഭാഷണത്തിന്‍റെ സംഗ്രഹം അറബിഭാഷയിലും നല്‍കാന്‍ ആരംഭിച്ചതില്‍ മാധ്യമപ്രവര്‍ത്തകര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.