2012-10-26 16:11:33

സിനഡു സമ്മേളനം ദൈവജനത്തിനായുള്ള സന്ദേശം പ്രസിദ്ധീകരിച്ചു


26 ഒക്ടോബര്‍ 2012, വത്തിക്കാന്‍
നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച് നടക്കുന്ന മെത്രാന്‍മാരുടെ സിനഡുസമ്മേളനം ദൈവജനത്തിനായുള്ള സന്ദേശം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 26ാം തിയതി വെള്ളിയാഴ്ച രാവിലെ നടന്ന ഇരുപതാം പൊതുയോഗത്തില്‍ സിനഡുപിതാക്കന്‍മാര്‍ ദീര്‍ഘ നേരം നീണ്ട കരഘോഷത്തോടെയാണ് സന്ദേശം അംഗീകരിച്ചത്. മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ നടന്ന പൊതുയോഗത്തില്‍, സമാപന സന്ദേശം ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലീഷ്, ജര്‍മ്മന്‍ എന്നീ 5 ഭാഷകളില്‍ വായിക്കപ്പെട്ടു.

പതിനാലു ഭാഗങ്ങളുള്ള സന്ദേശത്തില്‍ സഭയുടെ നവസുവിശേഷവല്‍ക്കരണ ദൗത്യത്തെക്കുറിച്ചുള്ള നൂതനമായ ഉള്‍ക്കാഴ്ച്ചകളാണ് സിനഡുപിതാക്കന്‍മാര്‍ ദൈവജനത്തോടു പങ്കുവയ്ക്കുന്നത്. ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തില്‍ അടിയുറച്ച ജീവിതസാക്ഷൃം, സുവിശേഷവല്‍ക്കരണം നടത്തുന്നവരുടെ ആന്തരീക പരിവര്‍ത്തനവും നിരന്തരമായ മാനസാന്തരവും, ആധുനിക യുഗത്തില്‍ സുവിശേഷവല്‍ക്കരണത്തിനായുള്ള നൂതന മാര്‍ഗ്ഗങ്ങള്‍, നവസുവിശേഷവല്‍ക്കരണത്തില്‍ വിവിധ സഭാ സമൂഹങ്ങള്‍ക്കുള്ള പങ്ക്, യുവജനപ്രേഷിതപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, നവസുവിശേഷവല്‍ക്കരണത്തിന്‍റെ ഇതര മേഖലകള്‍, അന്യ മതങ്ങളോടും സംസ്ക്കാരങ്ങളോടുമുള്ള സുവിശേഷാധിഷ്ഠിതമായ സംവാദം, വിശ്വാസവര്‍ഷാചരണത്തിന്‍റെ പ്രസക്തി, ആത്മീയതയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളാണ് സമാപന സന്ദേശത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ലോകത്തിന്‍റെ ഓരോ ഭൂവിഭാഗത്തിലുമുളള കത്തോലിക്കര്‍ക്ക് നല്‍കുന്ന പ്രത്യേകമായുള്ള സന്ദേശങ്ങള്‍ ഈ സിനഡു സമ്മേളനം ദൈവജനത്തിനു നല്‍കുന്ന സന്ദേശത്തിന്‍റെ ഒരു സവിശേഷതയാണ്. നവസുവിശേഷവല്‍ക്കരണത്തിന്‍റെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃകയേയും സംരക്ഷണത്തേയുംക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ടാണ് സന്ദേശം സമാപിക്കുന്നത്.

ഒക്ടോബര്‍ 7ന് ആരംഭിച്ച മെത്രാന്‍മാരുടെ സിനഡിന്‍റെ പതിമൂന്നാം പൊതുസമ്മേളനം ഒക്ടോബര്‍ 28ാം തിയതി ഞായറാഴ്ച സമാപിക്കും. സിനഡു പിതാക്കന്മാര്‍ക്കൊപ്പം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഞായറാഴ്ച രാവിലെ 9.30-ന് ബനഡിക്ട് 16-ാമന്‍ പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് ‘നവസുവിശേഷവത്ക്കരണം – സുവിശേഷ പ്രചാരണത്തിന്…’ എന്ന പ്രമേയം കേന്ദ്രമാക്കിയുള്ള സിനഡു സമ്മേളനം സമാപിക്കുന്നത്.








All the contents on this site are copyrighted ©.