2012-10-26 16:00:55

വത്തിക്കാനിലെ കലാസൃഷ്ടികള്‍ ലോകത്തോടു സംവദിക്കുന്ന ഉപമകള്‍


26 ഒക്ടോബര്‍ 2012, വത്തിക്കാന്‍
വത്തിക്കാനിലെ കാലസൃഷ്ടികള്‍ ലോകത്തോടു സംവദിക്കുന്ന ഉപമകളാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. വിശ്വോത്തര കലാസൃഷ്ടിയായ സിസ്റ്റന്‍ ചാപ്പലിന്‍റെ 500ാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടന്ന ഒരു ചലച്ചിത്ര പ്രദര്‍ശനത്തിന്‍റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ. “കലയും വിശ്വാസവും: വത്തിക്കാനിലെ മനോഹരമാര്‍ഗ്ഗം” എന്ന പേരില്‍ വത്തിക്കാന്‍ മ്യൂസിയത്തെ സംബന്ധിച്ച് തയ്യാറാക്കിയ പോളിഷ് ഡോക്യുമെന്‍ററി ഒക്ടോബര്‍ 25ാം തിയതി വ്യാഴാഴ്ച വൈകീട്ടാണ് വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ പ്രദര്‍ശിപ്പിച്ചത്. ചലച്ചിത്ര പ്രദര്‍ശനത്തിന്‍റെ സമാപനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍, വത്തിക്കാനിലെ കലാപൈതൃകത്തിന്‍റെ ശ്രേഷ്ഠതയെക്കുറിച്ച് മാര്‍പാപ്പ പ്രതിപാദിച്ചു. റോമിലെത്തുന്ന സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമാണ് വത്തിക്കാന്‍ മ്യൂസിയം. പരിശുദ്ധ സിംഹാസനവുമായി അവരില്‍ ചിലര്‍ക്കെങ്കിലുമുള്ള ഏക ബന്ധവും അതുമാത്രമായിരിക്കാം. ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തില്‍ വത്തിക്കാനിലെ കലാ പൈതൃകം ലോകത്തോടു സംവദിക്കുന്ന ഉപമയ്ക്കു സമാനമാണെന്ന് മാര്‍പാപ്പ വിശദീകരിച്ചു. ഉപമകളുടെ ഭാഷയാണ് കലകളില്‍ ഉപയോഗിക്കുന്നത്. കലാസൗന്ദര്യം മനുഷ്യ ഹൃദയങ്ങളെ ദൈവത്തിങ്കലേക്കുയര്‍ത്താന്‍ പര്യാപ്തമാണ്. വത്തിക്കാന്‍റെ കലാപൈതൃകം കാത്തു സംരക്ഷിക്കാന്‍ മാര്‍പാപ്പമാര്‍ നടത്തിയ പരിശ്രമങ്ങളും ആധുനികയുഗത്തില്‍ സഭ കലാലോകത്തോടു നടത്തുന്ന ക്രിയാത്മക സംവാദവും ചലച്ചിത്രത്തില്‍ വെളിപ്പെടുന്നുണ്ടെന്നും പാപ്പ വിലയിരുത്തി.








All the contents on this site are copyrighted ©.