2012-10-25 20:19:22

കുട്ടികളുടെ ആരോഗ്യപരിപാലനം
ക്രിസ്തു പ്രാമുഖ്യം നല്കിയ മൂല്യം


25 ഒക്‍ടോബര്‍ 2012, റോം
ക്രിസ്തു പ്രാമുഖ്യം നല്കിയ മൂല്യമാണ് ശിശുപരിപാലനമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പ്രസ്താവിച്ചു. റോമില്‍ വത്തിക്കാന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണീശോയുടെ നാമത്തില്‍ കുട്ടികള്‍ക്കായുള്ള പ്രസിദ്ധമായ ആശുപത്രിയുടെ, ‘ജേസു ബംബീനോ’ ആശുപത്രിയുടെ, പുതിയ ഗവേണ വിഭാഗത്തിന്‍റെ ഉദ്ഘാടന വേളയിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്.

വിശുദ്ധ പൗലോശ്ലീഹായുടെ നാമത്തില്‍ റോമന്‍ ചുവരിനു പുറത്തുള്ള പുരാതന ബസിലിക്കയുടെ സമീപത്താണ് വത്തിക്കാന്‍റെ കീഴില്‍ കുട്ടികള്‍ക്കായുള്ള അത്യാധുനിക ഗവേഷണ കേന്ദ്രം തുറന്നിരിക്കുന്നത്. ഉണ്ണീശോയുടെ നാമത്തില്‍ ‘സാല്‍വിയാത്തി’ കുടുംബം തുടങ്ങിയ ചെറിയ ആശുപത്രി 143-വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വത്തിക്കാനു കൈമാറിയതെന്നും, തുടര്‍ന്ന് പാപ്പാമാരുടെ അജപാലന സ്നേഹത്തില്‍ സ്ഥാപനം ഇന്ന് ശിശുപരിചരണത്തില്‍ ആഗോളതലത്തില്‍ ശ്രദ്ധേയമാം വിധം വളര്‍ന്നിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രസ്താവിച്ചു. ഗവേണഷണത്തിലൂടെ കുട്ടികളുടെ ചികിത്സാ സമ്പ്രദായത്തില്‍ നൂതന സരണികള്‍ തുറന്നുകൊണ്ട് ക്രിസ്തു കാണിച്ച കുഞ്ഞുങ്ങളോടുള്ള സവിശേഷ സ്നേഹം, രോഗഗ്രസ്തരും പാവങ്ങളുമായ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കുകയാണ്, വത്തിക്കാന്‍റെ കീഴിലുള്ള ‘ജേസു ബംബീനോ’ ആശുപത്രിയുടെ പുതിയ വിഭാഗം ലക്ഷൃമിടുന്നതെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ തന്‍റെ ഉദ്ഘാടപ്രഭാഷണത്തില്‍ അറിയിച്ചു.









All the contents on this site are copyrighted ©.