2012-10-24 20:01:01

സഹായധനവുമായി സിറിയയിലേയക്ക്
പാപ്പായുടെ സമാധാന സംഘം


24 ഒക്ടോബര്‍ 2012, വത്തിക്കാന്‍
സിറിയയിലെ കലാപ ഭൂമിയിലേയ്ക്ക് ബനഡിക്ട് 16-ാമന്‍ പാപ്പ ആയയ്ക്കുന്ന സമാധാന സംഘം ഇനിയും വൈകുമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ അറിയിച്ചു. മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍റെ നേതൃത്വത്തില്‍ പാപ്പാ നിയോഗിച്ച സിറിയയിലേയ്ക്കുള്ള വത്തിക്കാന്‍റെ 6-അംഗ സമാധാന സംഘം ഉടനെ പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും, രാഷ്ട്രീയ സ്ഥിതിഗതികളുടെ സങ്കീര്‍ണ്ണതമൂലം സന്ദര്‍ശനം ഇനിയും വൈകുമെന്ന് വത്തിക്കാനില്‍ നടക്കുന്ന സിനഡു സമ്മേളത്തില്‍ ഒക്ടോബര്‍ 23-ാം തിയതി ചൊവ്വാഴ്ച രാവിലെ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ, അറിയിക്കുകയുണ്ടായി.

സീറിയയിലേയ്ക്ക് പുറപ്പെടാനുള്ള സംഘത്തിലെ സിനഡു പ്രതിനിധികളുടെ സാങ്കേതിക തടസ്സവും സിറിയയിലേയ്ക്കുള്ള സമാധാന സംഘത്തിന്‍റെ യാത്ര വൈകിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍‍ ബര്‍ത്തോണെ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 28-ന് സിനഡു സമ്മേളനം കഴിഞ്ഞാല്‍ സമാധാന സംഘത്തിന് പുറപ്പെടാനാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും, വേദനിക്കുന്ന സിറിയന്‍ ജനതയോടുള്ള സഹാനുഭാവത്തിന്‍റെ പ്രതീകമായി പാപ്പാ നല്കുന്ന സഹായ ധനത്തോടു ചേര്‍ത്ത് സിനഡു പിതാക്കന്മാരുടെ സംഭാവനയും സീറിയായില്‍ എത്തിക്കുമെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.