2012-10-24 19:44:11

മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും
നവസുവിശേഷവത്ക്കരണത്തിന്‍റെ പ്രവര്‍ത്തനോപാധികള്‍


24 ഒക്ടോബര്‍ 2012, വത്തിക്കാന്‍
മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ തീരുമാനങ്ങളുടെ കരടുരൂപം ശനിയാഴ്ച ഭേദഗതിചെയ്ത്, വോട്ടെടുപ്പിലൂടെ അന്തിമരൂപത്തിലെത്തുമെന്ന്, സെക്രട്ടറി ജനറള്‍, ആര്‍ച്ചുബിഷപ്പ് നിക്കോളെ എത്തെരോവിക്ക് അറിയിച്ചു. ഒക്ടോബര്‍ 23-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഞായാറാഴ്ച സമാപിക്കുന്ന സിനഡു സമ്മേളനത്തിന്‍റെ ഇനിയുള്ള നടപടിക്രമങ്ങള്‍ ആര്‍ച്ചുബിഷപ്പ് എത്തെരോവിക്ക് വെളിപ്പെടുത്തിയത്.

സഭാ നവീകരണത്തിന്‍റെയും സുവിശേഷപ്രചാരണത്തിന്‍റെയും നവമായ പദ്ധതിയില്‍ മതസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും അടിസ്ഥാന മൂല്യങ്ങള്‍ പ്രവര്‍ത്തനോപാധികളായിരിക്കുമെന്നും, ഒറ്റപ്പെടലിന്‍റെയും ഏകാന്തതയുടെയും ഇന്നത്തെ ലോകത്ത് മനുഷ്യകുലത്തിന് സമാധാന സന്ദേശമായി സുവിശേഷം പൂര്‍വ്വോപരി പ്രഘോഷിക്കുവാനുമുള്ള രൂപരേഖയാണ് സിനഡ് സജ്ജമാക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് എത്തിരോവിക്ക് പ്രസ്താവനയിലൂടെ വ്യക്തമാക്കി. മാധ്യമങ്ങളുടെ ശരിയായ ഉപയോഗം,
വിപ്രവാസികളുടെ അജപാലന ശുശ്രൂഷ,
വിദ്യാഭ്യാസം, മതബോധനം, പാവങ്ങളോടും രോഗികളോടുമുള്ള പ്രതിപത്തി,
സ്ത്രീകളും യുവജനങ്ങളും ഉള്‍പ്പെടെ അല്‍മായരുടെ സഭയിലെ പ്രാതിനിധ്യം,
സമൂഹത്തിന്‍റെ സുവിശേഷ സ്രോതസ്സാകേണ്ട കുടുംബം,
വൈദികരുടെയും സന്ന്യസ്തരുടെയും ആത്മീയത,
ക്രൈസ്തവരുടെ വ്യക്തിഗത വിശുദ്ധി,
ഇതര ക്രൈസ്തവ സഭകളോടും, മതങ്ങളോടും, നിരീശ്വര വാദികളോടും, വിശ്വാസം-ശാസ്ത്രം എന്നീ മേഖലകളോടും, വിശിഷ്യാ മുസ്ലീം സഹോദരങ്ങളോടും മനുഷ്യാവകാശത്തെ മാനിക്കുന്ന രീതിയിലുള്ള സഭയുടെ സമീപനവും സംവേദനവും, പാരിസ്ഥിതിക സംരക്ഷണത്തിലൂടെയുള്ള വിശ്വാസസാക്ഷൃം, തലമുറകളോടുള്ള ആദരം എന്നീ വിഷയങ്ങള്‍ സിനഡ് തീരുമാനങ്ങളുടെ മുഖ്യഘടകങ്ങളായിരിക്കുമെന്നും ആര്‍ച്ചുബിഷപ്പ് എത്തിരോവിക്ക് അറിയിച്ചു.








All the contents on this site are copyrighted ©.